ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ എൽഎൻജി (LNG) അധിഷ്ഠിത ട്രെയിൻ പരീക്ഷണം വിജയകരം. വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനാണ് ദ്രവീകൃത പ്രകൃതിവാതകവും ഡീസലും ഉപയോഗിച്ചുള്ള ഇരട്ട ഇന്ധന സംവിധാനം വിജയകരമായി പരീക്ഷിച്ചത്. മോദി സർക്കാരിന്റെ ‘ഗ്രീൻ റെയിൽവേ’ ദൗത്യത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ നിർണ്ണായക ചുവടുവെപ്പാണിത്.
അഹമ്മദാബാദ് ഡിവിഷണൽ റെയിൽവേ മാനേജർ വേദ് പ്രകാശ് വെള്ളിയാഴ്ച സബർമതിയിലെ കോച്ചിംഗ് ഡിപ്പോയിൽ വെച്ച് ട്രെയിനിന്റെ പ്രവർത്തനം വിലയിരുത്തി. രാജ്യത്തെ റെയിൽവേ ട്രാക്കുകളിൽ നിന്നുള്ള കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംവിധാനത്തിൽ 1400 കുതിരശക്തിയുള്ള (HP) രണ്ട് ഡിഎംയു (DMU) കാറുകളാണ് ഡീസലിനൊപ്പം എൽഎൻജി കൂടി ഉപയോഗിക്കാൻ പാകത്തിൽ മാറ്റം വരുത്തിയത്. ഇതിലൂടെ ഡീസൽ ഉപയോഗം 40 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
സാമ്പത്തികമായി വലിയ നേട്ടമാണ് ഈ പുതിയ ഗ്യാസ് ട്രെയിൻ റെയിൽവേയ്ക്ക് നൽകുന്നത്. ഒരു പവർ കാറിൽ നിന്ന് മാത്രം പ്രതിവർഷം 11.9 ലക്ഷം രൂപയുടെ ലാഭമാണ് പ്രതീക്ഷിക്കുന്നത്. എട്ട് കോച്ചുകളുള്ള ഒരു ട്രെയിനിൽ നിന്ന് വർഷം തോറും ഏകദേശം 23.9 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കും. കൂടാതെ, ഒരിക്കൽ ഇന്ധനം നിറച്ചാൽ 2200 കിലോമീറ്റർ ദൂരം വരെ നിർത്താതെ സഞ്ചരിക്കാൻ ഈ ട്രെയിനിന് കരുത്തുണ്ട്. എൻജിന്റെ പ്രവർത്തനക്ഷമതയോ കരുത്തോ ഒട്ടും കുറയാതെ തന്നെ അന്തരീക്ഷ മലിനീകരണം വൻതോതിൽ കുറയ്ക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.
നിലവിൽ പരീക്ഷണ ഓട്ടങ്ങൾ പൂർത്തിയാക്കി യാത്രക്കാരുമായി റെഗുലർ സർവീസ് ആരംഭിച്ച ഈ ട്രെയിൻ, വരും ദിവസങ്ങളിൽ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 2030-ഓടെ ഇന്ത്യൻ റെയിൽവേയെ സമ്പൂർണ്ണ ‘നെറ്റ് സീറോ’ കാർബൺ എമിറ്റർ ആക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു വലിയ നാഴികക്കല്ലാണ് ഈ നേട്ടം.













Discussion about this post