2026 ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അമേരിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ. ബാറ്റിംഗിൽ വിചാരിച്ച പ്രകടനം ഉണ്ടായില്ലെങ്കിലും പിന്നീട് ബോളിങ്ങിൽ ആ കുറവ് നികത്തിയുള്ള ആധിപത്യം പുലർത്തിയാണ് നീലപ്പട വാംഖഡെയിൽ വിജയക്കൊടി പാറിച്ചത്. ഒരു ഘട്ടത്തിൽ 77/6 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ അതിമാനുഷിക ഇന്നിംഗ്‌സ് 161/9 എന്ന സ്കോറിലെത്തിക്കുകയായിരുന്നു. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ അമേരിക്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. അതോടെ നിശ്ചിത ഓവറിൽ അവർക്ക് 132-8 റൺസ് എടുക്കാൻ സാധിച്ചുള്ളൂ. ഇന്ത്യക്ക് 29 റൺസിന്റെ മികച്ച വിജയം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വമ്പൻ സ്കോർ പ്രതീക്ഷിച്ചാണ് വന്നത് എങ്കിലും അത് ഉണ്ടായില്ല. വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീഴുന്ന കാഴ്ചക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാൽ വിക്കറ്റുകൾ വീണപ്പോൾ വാംഖഡെയുടെ രാജാവായി സൂര്യകുമാർ യാദവ് ഉദിച്ചുയർന്നു. 49 പന്തിൽ നിന്ന് പുറത്താകാതെ 84 റൺസ് നേടിയ സൂര്യയുടെ ഇന്നിംഗ്‌സാണ് മത്സരത്തിന്റെ ഗതി മാറ്റിയത്.
10 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറുകളിൽ സൗരഭ് നേത്രാവൽക്കറെ കടന്നാക്രമിച്ച സൂര്യ, അവസാന 6 ഓവറിൽ നടത്തിയ ആക്രമണമാണ് ഇന്ത്യയെ 160 കടത്തിയത്. വമ്പനടിക്കാരനായ അഭിഷേക് ശർമ്മ പൂജ്യത്തിന് പുറത്തായപ്പോൾ, ഇഷാൻ കിഷൻ (20), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത മീഡിയം പേസർ ഷാഡ്ലി വാൻ ഷാൽക്വിക്കാണ് യുഎസിന് വേണ്ടി തിളങ്ങിയത്.
162 റൺസ് പിന്തുടരാനിറങ്ങിയ അമേരിക്കയെ മുഹമ്മദ് സിറാജ് തുടക്കത്തിലേ വിറപ്പിച്ചു. വെറും 13 റൺസിനിടെ 3 വിക്കറ്റുകളാണ് അമേരിക്കയ്ക്ക് നഷ്ടമായത്. ഇതിൽ രണ്ട് വിക്കറ്റുകൾ തുടർച്ചയായ ഓവറുകളിൽ വീഴ്ത്തി സിറാജ് വാംഖഡെയെ പ്രകമ്പനം കൊള്ളിച്ചു. ആൻഡ്രീസ് ഗൗസിനെ പുറത്താക്കിയ സിറാജ്, സായ്‌തേജ മുക്കമല്ലയെ മിഡ്‌വിക്കറ്റിൽ പിടികൂടി അമേരിക്കൻ മുൻനിരയുടെ മുനയൊടിച്ചു. ശേഷം മധ്യ ഓവറുകളിൽ സ്പിന്നർമാരായ അക്സർ പട്ടേലും വരുൺ ചക്രവർത്തിയും കളി നിയന്ത്രിച്ചു. അക്‌സർ രണ്ട് വിക്കറ്റ് നേടിയപ്പോൾ, വരുൺ ഒരെണ്ണം വീഴ്ത്തി. അപ്രതീക്ഷിതമായി ടീമിലെത്തിയ സിറാജ് മൂന്ന് വിക്കറ്റ് നേടി വരവ് ഗംഭീരമാക്കിയപ്പോൾ അർശ്ദീപ് രണ്ട് വിക്കറ്റ് നേടി തിളങ്ങി.












