എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അമൃതം ഗമയ’, കുറ്റബോധത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തീക്ഷ്ണമായ ഒരു കഥയാണ്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രങ്ങളിലൊന്നായ അദ്ദേഹം ഇതിൽ അവതരിപ്പിച്ച ഡോക്ടർ പി.കെ. ഹരിദാസിനെ നമുക്ക് കാണാം.
വളരെ മിടുക്കനായ, പ്രതിഭയായ ഒരു ഡോക്ടറാണ് പി. കെ ഹരിദാസ്. തന്റെ മുറപ്പെണ്ണായ ഗീത അവതരിപ്പിച്ച ഭാനുവിനെ വിവാഹം കഴിക്കാൻ ഇരിക്കുന്ന ഹരിദാസ് ഒരു പാവപെട്ട ജീവിത സാഹചര്യത്തിൽ നിന്നും ഉയർന്നുവന്ന ആളാണ്. ഭാനുവിന്റെ വീട്ടുകാർ ആകട്ടെ കോടീശ്വരന്മാരും. തന്റെ കുടുംബത്തെ സാമ്പത്തികമായി പിന്തുണച്ചിട്ടുള്ള ആളായതിനാൽ അമ്മാവന്റെ രീതികൾ പലതും ഇഷ്ടം ഇല്ലെങ്കിലും ഹരിദാസ് താത്പര്യമില്ലാത്ത മനസോടെ അതൊക്കെ അനുസരിക്കുന്നു. അമ്മാവനും ദുരാഗ്രഹികളായ അയാളുടെ മക്കളും അടങ്ങുന്ന ആളുകളുടെ പണത്തോടുള്ള ആർത്തി ഹരിദാസിന് താത്പര്യമില്ല.
ഇതിനിടയിൽ ചികിത്സയുടെ ഭാഗമായി ഒരു വീട്ടിലെത്തുമ്പോഴാണ് ഹരിദാസിനെ അയാളുടെ ഭൂതകാലം വീണ്ടും തിരിഞ്ഞുകൊത്താൻ തുടങ്ങുന്നത്. ശേഷം എന്താണ് അയാളുടെ ജീവിതത്തിൽ നടക്കുന്നത് എന്നുള്ളതാണ് ചിത്രം ചർച്ച ചെയുന്നത്.
കോളേജ് കാലഘത്തിലെ വില്ലത്തരവും ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളും മോഹൻലാൽ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് കാലഘട്ടങ്ങളിലായി അദ്ദേഹം രൂപത്തിൽ വരുത്തുന്ന മാറ്റങ്ങളും അതിമനോഹമായിരുന്നു. കാണാത്ത ആളുകൾ ഉണ്ടെങ്കിൽ ഈ ചിത്രമൊന്ന് കണ്ട് നോക്കുക.












