യുഡിഎഫിന്റെ ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഷാഫി പറമ്പിൽ എംപിയും നേതാക്കളും തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്ന വാർത്തകൾ നിഷേധിച്ച് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ. ഷാഫി പറമ്പിൽ തന്റെ കഴുത്തിന് പിടിക്കുന്നതായും നേതാക്കളെ തള്ളിമാറ്റുന്നതായും പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചതാണെന്ന് പ്രമോദ് കക്കട്ടിൽ ആരോപിച്ചു. മാദ്ധ്യമങ്ങളിൽ വരുന്നത് പോലെ യാതൊരു വിധത്തിലുള്ള തർക്കങ്ങളോ നീരസമോ വേദിയിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വേദിയിൽ മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണതും ഷാഫി പറമ്പിൽ ക്ഷുഭിതനായി സംസാരിച്ചതും വലിയ തോതിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറുമൊരു ‘സ്നേഹ തള്ളൽ’ മാത്രമായിരുന്നു എന്നാണ് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ പ്രതികരിച്ചത്. “ജനങ്ങളുടെ വലിയ തിരക്കായിരുന്നു കുറ്റ്യാടിയിൽ. സമയം വൈകിയതിനാൽ പ്രസംഗിക്കാൻ താല്പര്യമില്ലെന്ന് ഷാഫി മുൻകൂട്ടി അറിയിച്ചിരുന്നു. എന്നാൽ പ്രവർത്തകർ നിർബന്ധിച്ചപ്പോൾ അവരെ തടയാൻ ശ്രമിച്ചതാണ് തർക്കമായി വ്യാഖ്യാനിക്കപ്പെട്ടത്. ഇതിനിടെ തിരക്ക് കാരണം മുല്ലപ്പള്ളി രാമചന്ദ്രൻ കാൽ തെറ്റി വീഴുകയായിരുന്നു.” – പ്രവീൺ കുമാർ വിശദീകരിച്ചു.
അതേസമയം, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെയും അധികാര തർക്കത്തിന്റെയും തെളിവാണ് കുറ്റ്യാടിയിലെ ദൃശ്യങ്ങളെന്ന് സി.പി.എം ആരോപിക്കുന്നു. എഐ വീഡിയോ എന്ന ഡിസിസി സെക്രട്ടറിയുടെ വാദം പരിഹാസ്യമാണെന്നും സത്യം മറച്ചുവെക്കാനാണ് ഇത്തരം സാങ്കേതിക ന്യായങ്ങൾ നിരത്തുന്നതെന്നുമാണ് പരിഹാസം ഉയരുന്നത്













Discussion about this post