ബംഗ്ലാദേശിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടന്ന പൊതുതിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ ബിഎൻപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഫെബ്രുവരി 12-ന് നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് പ്രമുഖ ഹിന്ദു സ്ഥാനാർത്ഥികളാണ് ബിഎൻപി ടിക്കറ്റിൽ മത്സരിച്ച് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾ നേരിടുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും ബിഎൻപി സ്ഥാനാർത്ഥികൾ നേടിയ വിജയം തന്ത്രപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്. മുതിർന്ന ബിഎൻപി നേതാവ് ഗയേശ്വർ ചന്ദ്ര റോയ് ധാക്ക-3 മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാനാർത്ഥി മുഹമ്മദ് ഷാഹിനൂർ ഇസ്‌ലാമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഗയേശ്വർ ചന്ദ്ര റോയ് കരുത്ത് തെളിയിച്ചത്. ന്യൂനപക്ഷ വേട്ടകൾ വാർത്തയായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വിജയം മതേതരത്വത്തിനുള്ള അംഗീകാരമായാണ് ബിഎൻപി ഉയർത്തിക്കാട്ടുന്നത്.
മഗുര-2 മണ്ഡലത്തിൽ നിന്നും ബിഎൻപി വൈസ് ചെയർമാൻ നിതായ് റോയ് ചൗധരിയും ഉജ്ജ്വല വിജയം സ്വന്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുടെ മുസ്തർഷിദ് ബില്ലയെ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ബിഎൻപിയിലെ പ്രമുഖ ന്യൂനപക്ഷ മുഖമായ നിതായ് റോയിയുടെ വിജയം പാർട്ടിക്ക് ന്യൂനപക്ഷങ്ങൾക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്. രംഗമതിയിൽ നിന്നും അഡ്വക്കേറ്റ് ദീപൻ ദേവാനാണ് ബിഎൻപിക്കായി വിജയിച്ച മൂന്നാമത്തെ ഹൈന്ദവ പ്രതിനിധി. ഇതിനുപുറമെ ബന്ദർബനിൽ നിന്നും സച്ചിൻ പ്രുവും ബിഎൻപി ടിക്കറ്റിൽ പാർലമെന്റിലെത്തി. ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ രാജ്യാന്തര തലത്തിൽ തങ്ങളുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനാണ് താരിഖ് റഹ്മാൻ ലക്ഷ്യമിടുന്നത്.
അതേസമയം, ജമാഅത്തെ ഇസ്‌ലാമി സഖ്യം രംഗത്തിറക്കിയ ഏക ഹൈന്ദവ സ്ഥാനാർത്ഥിയായ കൃഷ്ണ നന്ദി പരാജയപ്പെട്ടു. ഖുൽന-1 മണ്ഡലത്തിൽ നിന്നും മത്സരിച്ച ഇദ്ദേഹം ബിഎൻപി സ്ഥാനാർത്ഥിയോടാണ് തോറ്റത്. ഇതോടെ ഇത്തവണത്തെ പാർലമെന്റിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ഹൈന്ദവ പ്രതിനിധികൾ ആരുമുണ്ടാകില്ലെന്ന് ഉറപ്പായി. ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം ബംഗ്ലാദേശിലുണ്ടായ വംശീയ ആക്രമണങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, പുതിയ ബിഎൻപി ഭരണകൂടത്തിന് കീഴിൽ ഹൈന്ദവ പ്രതിനിധികൾ പാർലമെന്റിലെത്തുന്നത് ന്യൂനപക്ഷങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. 297 സീറ്റുകളിലെ ഫലം ഔദ്യോഗികമായി പുറത്തുവന്നതോടെ രാജ്യം പുതിയൊരു ഭരണമാറ്റത്തിനായി ഒരുങ്ങുകയാണ്.












Discussion about this post