ടി20 ലോകകപ്പിലെ മഹാപോരാട്ടത്തിൽ പാകിസ്താനെ 61 റൺസിന് തകർത്തെറിഞ്ഞ് സൂര്യകുമാർ യാദവും സംഘവും ചരിത്രം കുറിച്ചിരിക്കുകയാണ്. ലോകകപ്പ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ പാകിസ്താനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇഷാൻ കിഷന്റെ (77) തകർപ്പൻ ബാറ്റിങ് കരുത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ വെറും 114 റൺസിന് കൂടാരം കയറി. പവർപ്ലേയിൽ തന്നെ ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും നടത്തിയ മാരക ബൗളിംഗിൽ പാക് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.
പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചീഫ് മൊഹ്‌സിൻ നഖ്‌വി ഗാലറിയിൽ ഇരിക്കെയായിരുന്നു ഈ വമ്പൻ തോൽവി. പാക് ബാറ്റിങ് തകർച്ച നേരിൽ കാണാനാകാതെ കളി തീരും മുൻപ് തന്നെ അദ്ദേഹം സ്റ്റേഡിയം വിട്ടു. ടീമിന്റെ മോശം പ്രകടനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ നഖ്‌വി, ടീം മാനേജർ നവേദ് അക്രം ചീമയെ വിളിച്ച് അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട്. ഇത്തരം പ്രകടനങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്നും കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡ്രസ്സിംഗ് റൂമിൽ ഹെഡ് കോച്ച് മൈക്ക് ഹെസ്സനും താരങ്ങളെ രൂക്ഷമായി വിമർശിച്ചു.
ഇന്ത്യയോടേറ്റ ദയനീയ തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറി. മോശം ഫോമിലുള്ള സൂപ്പർ താരം ബാബർ അസമിനെയും പേസർ ഷഹീൻ അഫ്രീദിയെയും അടുത്ത മത്സരത്തിൽ ബെഞ്ചിലിരുത്തിയേക്കുമെന്നാണ് സൂചന. നമീബിയയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ ഫാഖർ സമൻ, നസീം ഷാ എന്നിവർക്ക് അവസരം നൽകിയേക്കും. നമീബിയയോട് തോറ്റാൽ പാകിസ്താൻ ലോകകപ്പിൽ നിന്ന് പുറത്താകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഒരുകാലത്ത് ആവേശകരമായ പോരാട്ടങ്ങൾ സമ്മാനിച്ചിരുന്ന ഇന്ത്യ-പാക് മത്സരങ്ങൾ ഇപ്പോൾ വെറും ഏകപക്ഷീയമായി മാറുന്നു എന്നാണ് കായിക നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ 22 ഐസിസി മത്സരങ്ങളിൽ 18 എണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നടത്തുന്ന ഈ തേരോട്ടം ലോകക്രിക്കറ്റിൽ ഇന്ത്യയുടെ അനിഷേധ്യമായ ആധിപത്യമാണ് കാട്ടുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും പാകിസ്താനെ തകർക്കാൻ നീലപ്പടയ്ക്ക് പ്രത്യേക കരുത്ത് വേണ്ടതില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് കൊളംബോയിലെ ഈ വിജയം












