പാകിസ്താൻ എന്ന രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും കായിക ലോകത്തിന് മുന്നിൽ വീണ്ടും ചർച്ചയാകുന്നു. ഓസ്‌ട്രേലിയയിൽ നടന്ന എഫ്‌ഐഎച്ച് ഹോക്കി പ്രോ ലീഗിനിടെ പാക് താരങ്ങൾ അനുഭവിച്ച ദുരിതപൂർണ്ണമായ സാഹചര്യങ്ങൾ വെളിപ്പെടുത്തി ടീം ക്യാപ്റ്റൻ അമ്മാദ് ഷക്കീൽ ബട്ട് തന്നെ നേരിട്ട് രംഗത്തെത്തി. സിഡ്‌നിയിൽ ഹോട്ടൽ ബില്ല് അടയ്ക്കാൻ പണമില്ലാത്തതിനെ തുടർന്ന് താരങ്ങളെ പുറത്താക്കിയെന്നും, തുടർന്ന് താമസസൗകര്യത്തിനായി പാക് താരങ്ങൾക്ക് പാത്രം കഴുകേണ്ടി വന്നുവെന്നുമാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ.
ഓസ്‌ട്രേലിയയിലെത്തിയ പാകിസ്താൻ ടീമിനായി ഹോട്ടൽ ബുക്ക് ചെയ്തിരുന്നെങ്കിലും പാകിസ്താൻ ഹോക്കി ഫെഡറേഷൻ (PHF) പണം നൽകാത്തതിനെ തുടർന്ന് ബുക്കിംഗ് റദ്ദാക്കുകയായിരുന്നു. മണിക്കൂറുകളോളം പെട്ടികളുമായി തെരുവിൽ കാത്തുനിന്ന താരങ്ങൾക്ക് ഒടുവിൽ ഒരു പ്രാദേശിക കേന്ദ്രത്തിലാണ് അഭയം ലഭിച്ചത്. അവിടെ സൗജന്യ താമസത്തിന് പകരമായി താരങ്ങൾ പാത്രങ്ങൾ കഴുകാനും തുണി നനയ്ക്കാനും നിർബന്ധിതരായി. മത്സരദിവസങ്ങളിൽ പോലും താരങ്ങൾ ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വന്നുവെന്നും കൃത്യസമയത്ത് ആഹാരം പോലും ലഭിച്ചിരുന്നില്ലെന്നും ക്യാപ്റ്റൻ വെളിപ്പെടുത്തി. തങ്ങൾ അനുഭവിച്ച അപമാനം വിവരിക്കാനാവാത്തതാണെന്ന് അദ്ദേഹം ലാഹോറിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഈ ദുരവസ്ഥയുടെ ദൃശ്യങ്ങൾ ഇന്ത്യൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലായതോടെ പാക് ഹോക്കി ഫെഡറേഷൻ കടുത്ത പ്രതിരോധത്തിലായിരുന്നു. ഇന്ത്യയിൽ വാർത്ത പ്രചരിച്ചതോടെ, എല്ലാം ശുഭകരമാണെന്ന് കാണിച്ച് ഒരു വീഡിയോ പുറത്തുവിടാൻ ഫെഡറേഷൻ ക്യാപ്റ്റനെ നിർബന്ധിച്ചു. അന്ന് താൻ കള്ളം പറഞ്ഞതാണെന്നും ഇന്ത്യയിൽ പ്രചരിച്ച ദൃശ്യങ്ങൾ സത്യമാണെന്നും അമ്മാദ് ഷക്കീൽ ബട്ട് ഇപ്പോൾ തുറന്നു സമ്മതിച്ചിരിക്കുകയാണ്. നാല് മത്സരങ്ങളിലും പരാജയപ്പെട്ട് നാണംകെട്ട് നാട്ടിൽ തിരിച്ചെത്തിയ ടീമിനെ സ്വീകരിക്കാൻ ഹോക്കി ഫെഡറേഷന്റെ ഒരു ഉദ്യോഗസ്ഥൻ പോലും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരു കാലത്ത് ലോക ഹോക്കി ഭരിച്ചിരുന്ന പാകിസ്താന്റെ ഈ ദയനീയാവസ്ഥ കായിക പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്










