ഇന്ത്യൻ കുറ്റകൃത്യ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ബിഷ്ണോയി-ഹാഷിം ബാബ ഗ്യാങ്ങുകളിലെ നിർണ്ണായക കണ്ണിയായ ‘മാഡം സെഹർ’ (മാഡം വിഷം) എന്ന ഖുസ്നുമ അൻസാരി പിടിയിൽ. ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ കൗണ്ടർ ഇന്റലിജൻസ് വിഭാഗമാണ് അതിസാഹസികമായി ഇവരെയും കൂട്ടാളി ബോബി കബൂത്തറെയും മഹിപാൽപൂർ ഫ്ലൈഓവറിന് സമീപത്ത് നിന്ന് പിടികൂടിയത്. വടക്കുകിഴക്കൻ ഡൽഹിയിൽ ഒരു സാധാരണ ബ്യൂട്ടി പാർലർ ഉടമയായി വേഷമിട്ടിരുന്ന നേഹ എന്ന ഖുസ്നുമ, രാത്രികാലങ്ങളിൽ അന്താരാഷ്ട്ര ബന്ധങ്ങളുള്ള ക്രിമിനൽ സിൻഡിക്കേറ്റിന്റെ ചാലകശക്തിയായി പ്രവർത്തിക്കുകയായിരുന്നു.
ലോറൻസ് ബിഷ്ണോയി സംഘത്തിന് ആവശ്യമായ അത്യാധുനിക ആയുധങ്ങളും ലഹരിമരുന്നുകളും എത്തിച്ചുകൊടുക്കുന്ന പ്രധാന ലോജിസ്റ്റിക്സ് കണ്ണിയായിരുന്നു ഖുസ്നുമ. ലഹരിക്കടത്തിലെ സ്വാധീനം കാരണമാണ് ഇവർക്ക് ‘മാഡം വിഷം’ എന്ന പേര് വീണത്. പാകിസ്താൻ ഐഎസ്ഐയുമായി ബന്ധമുള്ള സലീം പിസ്റ്റളിൽ നിന്നാണ് ഇവർ ആയുധങ്ങൾ ശേഖരിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഷ്ണോയി സംഘത്തിലെ കൊടുംകുറ്റവാളി ബോബി കബൂത്തറുടെ (മഹ്ഫൂസ്) വലംകൈയായിരുന്നു ഇവർ. ഏഴു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബോബിയെ പുറത്തെത്തിക്കാൻ പോലീസിനെ സഹായിച്ചതും ഇവരുമായുള്ള ബന്ധമാണ്.
രാജ്യത്തെ നടുക്കിയ പല ഹൈ പ്രൊഫൈൽ കുറ്റകൃത്യങ്ങളിലും ഈ സംഘത്തിന് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പഞ്ചാബി ഗായകൻ സിദ്ദു മൂസാവാലയുടെ നീക്കങ്ങൾ ആദ്യമായി നിരീക്ഷിച്ചതും കൊലപാതകത്തിന് ആവശ്യമായ ആയുധങ്ങൾ എത്തിച്ചതും ബോബി കബൂത്തറാണെന്ന് പോലീസ് സംശയിക്കുന്നു. അടുത്തിടെ ബോളിവുഡ് നടി ദിഷ പടാനിയുടെ ബറേലിയിലെ വസതിക്ക് പുറത്തുണ്ടായ വെടിവെയ്പ്പ്, ഡൽഹി ഗ്രേറ്റർ കൈലാഷിലെ നാദിർഷാ വധം, ജാഫ്രാബാദിലെ ഇരട്ടക്കൊലപാതകം (രണ്ട് സഹോദരങ്ങൾക്കെതിരെ 48 റൗണ്ട് വെടിയുതിർത്ത കേസ്) എന്നിവയിലൊക്കെ ഈ സംഘത്തിന്റെ വിരലടയാളമുണ്ട്.
കഴിഞ്ഞ പത്ത് വർഷമായി പോലീസിനെ വെട്ടിച്ച് നടന്ന ബോബി കബൂത്തറെയും ഖുസ്നുമയെയും പിടികൂടിയത് ഡൽഹി പോലീസിന് വലിയ നേട്ടമാണ്. ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിന്റെ നേതൃനിരയിലേക്ക് സ്ത്രീകൾ വന്നെത്തുന്ന പുതിയ പ്രവണത അന്വേഷണ ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കുന്നുണ്ട്. സോയ ഖാൻ, ദീപ എന്നീ ലേഡി ഡോണുകൾക്ക് പിന്നാലെ മാഡം സെഹർ കൂടി പിടിയിലായതോടെ ബിഷ്ണോയി ഗ്യാങ്ങിന്റെ അടിത്തറ ഇളകിയെന്നാണ് വിലയിരുത്തൽ. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്റെയും ആയുധങ്ങളുടെയും ഉറവിടത്തെക്കുറിച്ച് വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്.










