ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ (AI) ഉച്ചകോടിക്കിടെ അരങ്ങേറിയ നാടകീയമായ ‘നഗ്ന പ്രതിഷേധ’ത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ കരങ്ങളുണ്ടെന്ന ആരോപണവുമായി ബിജെപി. പ്രതിഷേധത്തിന്റെ സൂത്രധാരനെന്ന് ബിജെപി ആരോപിക്കുന്ന യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവിനൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാഷ്ട്രീയ പോര് മുറുകി. ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ അഭിമാനത്തിന് കോൺഗ്രസ് കളങ്കം വരുത്തിയെന്നും ഈ നാടകം മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇന്ത്യയുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന നിർണ്ണായക ഉച്ചകോടിക്കിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ട് ഊരിയെറിഞ്ഞ് പ്രതിഷേധിച്ചത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ഇവരുടെ പ്രകടനം. എന്നാൽ ഈ പ്രതിഷേധം യാദൃശ്ചികമല്ലെന്നും രാഹുൽ ഗാന്ധിയുടെ വസതിയിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇതിന്റെ ഗൂഢാലോചന നടന്നതെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. പ്രതിഷേധം സംഘടിപ്പിച്ച നരസിംഹ യാദവ് രാഹുലിന്റെ വിശ്വസ്തനാണെന്ന് തെളിയിക്കുന്ന ഫോട്ടോകൾ ബിജെപി കേന്ദ്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
കോൺഗ്രസിന്റേത് രാജ്യദ്രോഹത്തിന് തുല്യമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. അന്താരാഷ്ട്ര വേദിയെ രാഷ്ട്രീയ റാലിയാക്കി മാറ്റി ഇന്ത്യയെ അപമാനിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് കിരൺ റിജിജുവും പ്രഹ്ലാദ് ജോഷിയും വിമർശിച്ചു. ഭാരതത്തിന്റെ എഐ സ്വപ്നങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ നീക്കമാണിതെന്ന് ബിജെപി ആരോപിക്കുമ്പോൾ, തൊഴിലില്ലായ്മയ്ക്കും കേന്ദ്ര നയങ്ങൾക്കുമെതിരെയുള്ള യുവാക്കളുടെ പ്രതിഷേധമാണിതെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം ന്യായീകരിച്ചു. സംഭവത്തിൽ നരസിംഹ യാദവ് ഉൾപ്പെടെ നാല് പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.









