2026 ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങവെ, യുവ ഓപ്പണർ അഭിഷേക് ശർമ്മയുടെ ഫോമില്ലായ്മയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മുൻ താരം മുഹമ്മദ് കൈഫ്. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടീമിലില്ലാത്തത് അഭിഷേകിനെപ്പോലെയുള്ള യുവതാരങ്ങളെ ബാധിക്കുന്നുണ്ടെന്ന് കൈഫ് നിരീക്ഷിക്കുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് മുഹമ്മദ് കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്. ടൂർണമെന്റിൽ ഇതുവരെ ഒരു റൺസ് പോലും നേടാനാകാതെ ഉഴറുന്ന അഭിഷേക് ശർമ്മയ്ക്ക് അനുഭവസമ്പത്തുള്ള താരങ്ങളുടെ അഭാവം തിരിച്ചടിയാകുന്നുണ്ടെന്ന് കൈഫ് പറയുന്നു.
“അഭിഷേക് ശർമ്മ മോശം ഫോമിലൂടെ കടന്നുപോകുമ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലുള്ള താരങ്ങളുടെ അഭാവം ടീമിൽ പ്രകടമാണ്. അവർ ക്രീസിലുണ്ടെങ്കിൽ ജൂനിയർ താരങ്ങൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുമായിരുന്നു. അഭിഷേക് ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിൽ നിന്ന് അവനെ കരകയറ്റാൻ വിരാടിന്റെയും രോഹിത്തിന്റെയും സാന്നിധ്യം സഹായിക്കുമായിരുന്നു,” കൈഫ് പറഞ്ഞു.
അഭിഷേക് തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്ന് കൈഫ് ഉപദേശിച്ചു. 2024 ലോകകപ്പ് ഫൈനലിൽ വിരാട് കോഹ്‌ലി തന്റെ സ്വാഭാവിക ശൈലി മാറ്റി വിക്കറ്റിന് വില നൽകി കളിച്ച ഉദാഹരണമാണ് കൈഫ് ചൂണ്ടിക്കാട്ടിയത്. “ഐപിഎല്ലിലെ 150 സ്ട്രൈക്ക് റേറ്റ് ലോകകപ്പിലെ വ്യത്യസ്തമായ പിച്ചുകളിൽ ഫലിക്കണമെന്നില്ല. വിരാട് അത് തിരിച്ചറിഞ്ഞ് മാറ്റം വരുത്തിയെങ്കിൽ, അഭിഷേകും തന്റെ ഗെയിം പ്ലാൻ ഒന്ന് പുതുക്കേണ്ട സമയമായി,” അദ്ദേഹം കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ ടീമിലെത്താനുള്ള സാധ്യത കൈഫ് തള്ളിക്കളഞ്ഞു. ഈ ഘട്ടത്തിൽ അഭിഷേകിനെ ടീമിൽ നിന്ന് മാറ്റുന്നത് ശരിയല്ലെന്നും സൂപ്പർ-8 എന്നത് ഒരു പുതിയ ടൂർണമെന്റായി കണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ ഓപ്പണറെ പിന്തുണച്ച ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ കൈഫ് പ്രശംസിച്ചു. എങ്കിലും അഭിഷേകിന്റെ ഫോം ഗൗതം ഗംഭീറും സൂര്യകുമാറും ഗൗരവമായി ചർച്ച ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.












