തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ ഏറെയായി, മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ പ്രചരണവും തുടങ്ങി. എന്നാല്‍ നേമത്ത് ഇപ്പോള്‍ പ്രചരണ രംഗത്തുള്ളത് ഒരേ ഒരു സ്ഥാനാര്‍ത്ഥി മാത്രം. ഒ രാജഗോപാല്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി കാലിന് പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തിലാണ്. അതിനാല്‍ അദ്ദേഹം പ്രചരണരംഗത്ത് ഉണ്ടാവില്ല.
യുഡിഎഫ് ആകട്ടെ ആരായിരിക്കും സ്ഥാനാര്‍ത്ഥി എന്ന് ഊഹിക്കാന്‍ പോലും കഴിയാതെ വലയുകയാണ്. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. ബിജെപിയും എന്‍ഡിഎയും ഉറച്ച സീറ്റായി കരുതുന്ന മണ്ഡലത്തില്‍ ഇനി മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ എത്തിയാലും ഒ രാജഗോപാലിനൊപ്പം ഓടിയെത്തില്ലെന്നുറപ്പ്
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനും മുന്‍പെ നേമത്ത് ഒ രാജഗോപാലിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപി പ്രവര്‍ത്തകര്‍ ഉറപ്പിച്ചിരുന്നു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രചരണവും തുടങ്ങി. ഇയൊരു മുന്നേറ്റം ഏറെ ഗുണം ചെയ്തുവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.
യുഡിഎഫില്‍ നേമം സീറ്റ് ജെഡിഎസിനുള്ളതാണ്. ഇവിടെ ആരാകും സ്ഥാനാര്‍ത്ഥി എന്നതില്‍ ഇനിയും തീരുമാനമായില്ല. നേമം എടുത്ത് കോവളം നല്‍കണമെന്ന ജെഡിയു ആവശ്യം കോണ്‍ഗ്രസ് തള്ളി. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന വി സുരേന്ദ്രന്‍പിള്ള ഇവിടെ ജെഡിയു സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. സുരേന്ദ്രന്‍ പിള്ള ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. മത്‌സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ സുരേന്ദ്രന്‍ പിള്ള മത്സരിക്കുന്നതില്‍ യുഡിഎഫില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ട്.
ഇടത് വലത് മുന്നണികള്‍ യോജിച്ച് നിന്നാലും ജയിക്കാവുന്ന സാഹചര്യം ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രചാരണം മുന്നേറുന്നത്. നേമത്ത് ഒ രാജഗോപാലിന്റെ വിജയം ബിജെപിയുടെ അഭിമാനപ്രശ്‌നം കൂടിയാണ്.
Discussion about this post