ഒൻപത് വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പത്തഉം പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് ക്രൂരമായി പീഡിപ്പിച്ചു. പെൺകുട്ടിയെ കാട്ടുപഴങ്ങൾ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ഗോതമ്പ് പാടത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രതികളായ രണ്ട് ആൺകുട്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി.
വെള്ളിയാഴ്ച കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാനായി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്തേക്ക് പോയതായിരുന്നു പെൺകുട്ടി. ഈ സമയത്താണ് ഇതേ ഗ്രാമവാസികളായ ആൺകുട്ടികൾ കുട്ടിയെ സമീപിച്ചത്. പഴങ്ങൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അടുത്തുള്ള ഗോതമ്പ് പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പാടത്തെത്തിയതോടെ 10 വയസ്സുകാരൻ പെൺകുട്ടിയെ ബലമായി പിടിച്ചു വെക്കുകയും 12 വയസ്സുകാരൻ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. പീഡനത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ സിക്കന്ദ്ര റാവു പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 70-1, പോക്സോ നിയമത്തിലെ സെക്ഷൻ 5/6 എന്നിവ പ്രകാരം പോലീസ് കേസെടുത്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഹാഥ്‌റസിലെ ജുവനൈൽ ഹോമിലേക്ക് അയച്ചതായി സർക്കിൾ ഓഫീസർ ജെ.എൻ. അസ്താന അറിയിച്ചു.പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് രാജ്യത്ത് ഉയർത്തുന്നത്









