ടെൽ അവീവ് : ഇസ്രായേലിന്റെ തെക്കൻ നഗരങ്ങളായ ഡിമോണ, ആറാദ് എന്നിവിടങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിന്റെ ആണവ കേന്ദ്രം ലക്ഷ്യമിട്ടു നടത്തിയ മിസൈൽ ആക്രമണം ജനവാസ കേന്ദ്രത്തിലാണ് പതിച്ചത്. സംഭവത്തിൽ നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡിമോണയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 47 പേർക്ക് പരിക്കേറ്റു. അതേസമയം, തെക്കൻ ഇസ്രായേലി നഗരമായ ആറാദിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ 50 ലധികം പേർക്ക് പരിക്കേറ്റു. ആക്രമണങ്ങൾക്ക് ശേഷം, അടിയന്തര ദുരിതാശ്വാസ, രക്ഷാ സേനകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇന്ത്യൻ വംശജരായ നിരവധി പേർ താമസിക്കുന്നതിനാൽ ‘ലിറ്റിൽ ഇന്ത്യ’ ഇന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് ഡിമോണ. ഡിമോണയിൽ വലിയൊരു വിഭാഗം ഇന്ത്യൻ-ജൂത ജനസംഖ്യയുണ്ട്, അവരിൽ ഭൂരിഭാഗവും മഹാരാഷ്ട്ര സംസ്ഥാനത്തിൽ നിന്നുള്ളവരാണ്. ഇസ്രായേലിലെ ഏറ്റവും വലിയ ആണവ നിലയം സ്ഥിതി ചെയ്യുന്നതും ഡിമോണയിലാണ്. ഈ സംഭവത്തോടെ എല്ലാ മുന്നണികളിലും നമ്മുടെ ശത്രുക്കളെ ആക്രമിക്കുന്നത് തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.








