ന്യൂഡൽഹി : പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി (കേന്ദ്ര നികുതി) ലിറ്ററിന് 10 രൂപ വീതം കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുള്ള അന്താരാഷ്ട്ര സാഹചര്യങ്ങളും ആഭ്യന്തര വിപണിയിലെ സമ്മർദ്ദവും കണക്കിലെടുത്താണ് ഈ നിർണ്ണായക നീക്കം. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഉപഭോക്താക്കൾക്കും എണ്ണക്കമ്പനികൾക്കും വലിയ ആശ്വാസമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
പുതിയ പരിഷ്കാരത്തോടെ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടിയിൽ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. പെട്രോളിന് നിലവിലുണ്ടായിരുന്ന നികുതി 13 രൂപയിൽ നിന്ന് 3 രൂപയായി കുറച്ചു. ഡീസൽ 10 രൂപയിൽ നിന്ന് പൂജ്യം രൂപയായി കുറച്ചു. അതായത് ഡീസലിന്മേലുള്ള കേന്ദ്ര എക്സൈസ് ഡ്യൂട്ടി പൂർണ്ണമായും ഒഴിവാക്കി. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഇന്ത്യ ഇപ്പോഴും ഇന്ധന വില ഉയർത്താതെ തുടരുകയാണ്.








