കോട്ടയം വൈക്കത്ത് സിപിഐ ഓഫീസിനുള്ളിൽ കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ. തലയാഴം പുളിക്കശേരിയിൽ ചെല്ലപ്പനാണ് (60) സിപിഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചത്. തന്റെ ഉപജീവനമാർഗ്ഗം തകർത്തത് സിപിഐയിലെ പ്രാദേശിക, ജില്ലാ നേതാക്കളാണെന്ന് ആരോപിച്ചാണ് ചെല്ലപ്പന്റെ ഈ കടുംകൈ. കാർഷിക ഗവേഷകൻ കൂടിയായ തന്റെ ഉൽപ്പന്നങ്ങൾക്ക് വിപണി അനുവദിക്കാതെയും കൃഷി നശിപ്പിച്ചും നേതാക്കൾ ഉപദ്രവിച്ചതായി ഇദ്ദേഹം നേരത്തെ പരാതിപ്പെട്ടിരുന്നു. സംഭവത്തെത്തുടർന്ന് വൈക്കത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. ആർഡിഒ നേരിട്ടെത്താതെ മൃതദേഹം താഴെയിറക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും.
മരണത്തിന് മുൻപ് സിപിഐ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുന്നയിക്കുന്ന വീഡിയോ ചെല്ലപ്പൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ നേരിൽ കണ്ട് പരാതി പറയാൻ പലതവണ ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്ന് വീഡിയോയിൽ ഇദ്ദേഹം ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തനിക്കെതിരെ കടുത്ത പ്രതികാര നടപടികളുണ്ടാകുമെന്ന് പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ചെല്ലപ്പൻ വെളിപ്പെടുത്തിയിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന കൃഷി വകുപ്പിൽ നിന്നും നീതി ലഭിച്ചില്ലെന്ന കർഷകന്റെ തുറന്നുപറച്ചിൽ സർക്കാരിനെയും പാർട്ടിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംഭവസ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആത്മഹത്യക്ക് പ്രേരിപ്പിച്ച നേതാക്കൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












