ടെഹ്റാൻ : യുഎസുമായുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്ത് ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച നാവിക മൈനുകൾ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. യുദ്ധത്തിന് താൽക്കാലിക വിരാമം ആയെങ്കിലും നേരത്തെ സ്ഥാപിച്ച മൈനുകൾ എവിടെയെന്ന് കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുകയാണ് ഇറാൻ. മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയിലാണ് ഈ മൈനുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നുള്ളത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
തങ്ങൾ തന്നെ വിന്യസിച്ച സ്ഫോടകവസ്തുക്കൾ എവിടെയാണെന്ന് കണ്ടെത്താനോ അവ നീക്കം ചെയ്യാനോ ഉള്ള സാങ്കേതിക ശേഷി ഇറാൻ സൈന്യത്തിനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൈനുകൾ നീക്കം ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവം മൂലം കടലിടുക്ക് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ മാസം അമേരിക്കയുമായും ഇസ്രായേലുമായും സംഘർഷം നിലനിന്നിരുന്ന സമയത്ത് ചെറിയ ബോട്ടുകൾ ഉപയോഗിച്ചാണ് ഇറാൻ കടലിൽ മൈനുകൾ വിതറിയത്. എന്നാൽ ഇവ എവിടെയൊക്കെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ രേഖകൾ ഇറാൻ സൈന്യത്തിന്റെ പക്കലില്ല. കൂടാതെ കടലിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മൈനുകൾ അവ സ്ഥാപിച്ച സ്ഥാനത്തുനിന്ന് മാറിയതായും റിപ്പോർട്ടുകളുണ്ട്. ഇത് മൈനുകൾ കണ്ടെത്തുന്നത് കൂടുതൽ ദുഷ്കരമാക്കുന്നു.
മൈനുകൾ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള ആധുനിക കപ്പലുകളോ സാങ്കേതിക വിദ്യയോ ഇറാൻ നാവികസേനയ്ക്ക് നിലവിൽ ലഭ്യമല്ല. ചരക്ക് കപ്പലുകൾക്ക് മൈൻ ഭീഷണി നിലനിൽക്കുന്നതിനാൽ ഈ പാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണ്. നിലവിൽ നിശ്ചിത പാതകളിലൂടെ മാത്രം പരിമിതമായ രീതിയിലാണ് കപ്പലുകൾ കടത്തിവിടുന്നത്.









