കുംഭമേള വൈറൽ താരത്തിന്റെ വിവാഹം പോക്സോ കേസിൽ കലാശിച്ചതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വിവാഹിതയായ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടായിരുന്നുവെന്നും നാല് വോട്ടിന് വേണ്ടിയുള്ള ആവേശമാണ് ഗോവിന്ദൻ മാഷ് കാണിച്ചതെന്നും മുരളീധരൻ പരിഹസിച്ചു. വസ്തുനിഷ്ഠമായ അന്വേഷണം നടത്താതെ ഒരു വിവാഹത്തിന് ചാടിക്കയറി കാർമ്മികത്വം വഹിച്ചത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് മധ്യപ്രദേശ് സർക്കാർ തുടക്കം മുതലേ എതിരായിരുന്നുവെന്നും ഇപ്പോൾ അവിടെ പോലീസ് കേസെടുത്തത് ഗൗരവകരമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. “യഥാർത്ഥ രേഖ ഏതാണെന്ന് പരിശോധിക്കണമായിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ആവേശത്തിൽ എല്ലാ വശങ്ങളും ചിന്തിക്കാതെയാണ് സി.പി.എം നേതാക്കൾ ഇടപെട്ടത്. നാല് വോട്ടിന് വേണ്ടി ഇത്തരത്തിൽ ചാടിക്കയറി അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യരുത്. ഒരു വിഷയത്തിൽ ഇടപെടുമ്പോൾ അതിന്റെ നിയമപരമായ വശങ്ങൾ കൂടി നോക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്” – അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സി.പി.എം നടത്തിയ ‘റിയൽ കേരള സ്റ്റോറി’ പ്രഖ്യാപനം ഇപ്പോൾ അവർക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണെന്നും മുരളീധരൻ വിമർശിച്ചു.












