കബഡി മത്സരത്തിനിടെ പോലീസ് കമ്മിഷണറുമായി 500 രൂപയുടെ പന്തയം (Betting) വെച്ച കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര കുരുക്കിൽ. മന്ത്രിക്കെതിരെ കേസെടുക്കാൻ ബംഗളൂരുവിലെ 42-ാം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി പരസ്യമായി ചൂതാട്ടത്തിൽ ഏർപ്പെട്ടത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ബെംഗളൂരുവിൽ നടന്ന ഒരു കബഡി ടൂർണമെന്റിനിടെയായിരുന്നു വിവാദമായ സംഭവം. മത്സരത്തിന്റെ ആവേശത്തിൽ താൻ പിന്തുണയ്ക്കുന്ന ടീം ജയിക്കുമെന്ന് പറഞ്ഞ് മന്ത്രി സിറ്റി പോലീസ് കമ്മിഷണറോട് 500 രൂപ പന്തയം വെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പൊതുപ്രവർത്തകനായ ഒരാൾ ഇത്തരത്തിൽ പെരുമാറുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കർണാടക പോലീസ് ആക്ട് പ്രകാരം ഇത് കുറ്റകരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തിൽ മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി പോലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി തന്നെ നിയമലംഘനം നടത്തിയത് സിദ്ധരാമയ്യ സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തിൽ പ്രതിപക്ഷം മന്ത്രിയുടെ രാജിക്കായി മുറവിളി തുടങ്ങിക്കഴിഞ്ഞു. കോടതി ഉത്തരവ് വന്നതോടെ വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രിക്കെതിരെ പോലീസ് തുടർനടപടികൾ സ്വീകരിക്കേണ്ടി വരും.











