നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയൻ ഇനി ക്ലിഫ് ഹൗസിന്റെ ആഡംബരങ്ങളിൽ നിന്നും ചിന്താ ഫ്ലാറ്റിലെ പരിമിത സൗകര്യങ്ങളിലേക്ക്. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാൽ പാർട്ടി അനുവദിച്ച ചിന്താ ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികളിലാകും പിണറായിയുടെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി നൽകുന്ന താമസ സൗകര്യമാണിത്.
ഇടതുമുന്നണിയുടെ തകർച്ചയോടെ പത്ത് വർഷം നീണ്ടുനിന്ന പിണറായി യുഗത്തിന് തിരശ്ശീല വീഴുമ്പോൾ, വിവാദങ്ങൾ വിട്ടുമാറാത്ത ക്ലിഫ് ഹൗസും ചർച്ചയാകുകയാണ്. 4.2 ഏക്കർ കോമ്പൗണ്ടിൽ 15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ക്ലിഫ് ഹൗസിൽ ഏഴ് കിടപ്പുമുറികളും അത്യാധുനിക സൗകര്യങ്ങളുമാണ് ഉണ്ടായിരുന്നത്. പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയത് ക്ലിഫ് ഹൗസിലെ മോടിപിടിപ്പിക്കൽ നടപടികളായിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കാൻ 31.92 ലക്ഷം രൂപ ചെലവാക്കിയത് വലിയ രാഷ്ട്രീയ ആയുധമായിരുന്നു. കൂടാതെ വസതിയിൽ ലിഫ്റ്റ് നിർമ്മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും മരപ്പട്ടി ശല്യം തീർക്കാൻ ലക്ഷങ്ങൾ ചെലവിട്ടതും പൊതുജനമധ്യത്തിൽ വലിയ ചർച്ചയായി. മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രസ്താവന ട്രോളുകൾക്കും ഇടയാക്കിയിരുന്നു.
ആഡംബരങ്ങളുടെയും സുരക്ഷാ വലയങ്ങളുടെയും നടുവിൽ നിന്ന് പാർട്ടി ഫ്ലാറ്റിന്റെ പരിമിത സാഹചര്യങ്ങളിലേക്ക് മാറുന്നതോടെ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു നിർണ്ണായക അധ്യായത്തിനാണ് അന്ത്യമാകുന്നത്. വിവാദങ്ങൾ നിറഞ്ഞ ക്ലിഫ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ പിണറായി ബാക്കിവെക്കുന്നത് കേരള രാഷ്ട്രീയത്തിലെ വലിയൊരു പതനത്തിന്റെ ഓർമ്മകൾ കൂടിയാണ്. വരും ദിവസങ്ങളിൽ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ ചിന്താ ഫ്ലാറ്റ് കേന്ദ്രീകരിച്ച് തുടരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.












