നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജ ടീച്ചർ നേരിട്ട അപ്രതീക്ഷിത പരാജയത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ‘ഇത് നമ്മുടെ നഷ്ടം’ എന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചുകൊണ്ടാണ് റിമ തന്റെ നിരാശ രേഖപ്പെടുത്തിയത്. കേരളം കണ്ട മികച്ച ഭരണാധികാരികളിൽ ഒരാളായ ശൈലജ ടീച്ചർക്ക് നിയമസഭയിൽ എത്താൻ സാധിക്കാത്തത് സംസ്ഥാനത്തിന് തന്നെ വലിയ നഷ്ടമാണെന്ന വികാരമാണ് റിമയുടെ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. കോൺഗ്രസ് തരംഗം ആഞ്ഞടിച്ച കണ്ണൂർ ജില്ലയിൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോടാണ് ശൈലജ ടീച്ചർ പരാജയം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയ ശൈലജ ടീച്ചർ ഇത്തവണയും നിയമസഭയിൽ ഉണ്ടാകുമെന്ന് ഇടതുമുന്നണി ഉറച്ചു വിശ്വസിച്ചിരുന്നു. ഒരു ഘട്ടത്തിൽ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന നിലയിൽ വരെ ടീച്ചറുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ ഭരണവിരുദ്ധ തരംഗവും യുഡിഎഫിന്റെ ശക്തമായ മുന്നേറ്റവും ടീച്ചറുടെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. റിമ കല്ലിങ്കലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ശൈലജ ടീച്ചർക്ക് പിന്തുണയുമായി എത്തുന്നത്. ‘
യുഡിഎഫ് തരംഗത്തിൽ എൽഡിഎഫിന്റെ പല പ്രമുഖരും വീണപ്പോഴും ശൈലജ ടീച്ചറുടെ പരാജയമാണ് ഇപ്പോൾ സൈബർ ലോകത്ത് സജീവ ചർച്ചയായിരിക്കുന്നത്. വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള കൂടുതൽ സിനിമാ താരങ്ങളുടെ പ്രതികരണങ്ങൾ പുറത്തുവരുമെന്നാണ് സൂചന.












