വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 993 രൂപ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് പണിമുടക്കുന്നു. ഹോട്ടൽ വ്യവസായത്തെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വ്യാപാരി സംഘടനകൾ.
സംസ്ഥാനത്തെ പ്രധാന സംഘടനകളെല്ലാം സമരത്തിൽ അണിനിരക്കുന്നതോടെ ഹോട്ടൽ മേഖല ഇന്ന് പൂർണ്ണമായും നിശ്ചലമാകും. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.
ഹോട്ടലുകൾക്ക് പുറമെ ബേക്കറികളും അടച്ചിടും. കൂടാതെ ഓൺലൈൻ ഭക്ഷണവിതരണവും ഇന്ന് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും സംഘടനകൾ തീരുമാനിച്ചു. സാധാരണ ഗതിയിൽ 100 രൂപയോ 150 രൂപയോ വർധിപ്പിക്കുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 993 രൂപയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ 19 കിലോയുടെ വാണിജ്യ സിലിണ്ടർ വില സംസ്ഥാനത്ത് 3000 രൂപയ്ക്ക് മുകളിലെത്തി. കോവിഡ് പ്രതിസന്ധിക്ക് ശേഷം പതുക്കെ സാധാരണ നിലയിലേക്ക് മടങ്ങിവരുന്ന ഹോട്ടൽ മേഖലയ്ക്ക് ഈ വർധനവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഭാരവാഹികൾ പറയുന്നു.
പാചകവാതക വില കൂടുമ്പോൾ വിഭവങ്ങളുടെ വില വർധിപ്പിക്കാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കും.








