ദിവസങ്ങളായി നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടിവികെ മേധാവി വിജയ്ക്ക് ആശ്വാസം. വിടുതലൈ ചിരുതൈകൾ കക്ഷി (VCK) വിജയിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിലെ തടസ്സങ്ങൾക്ക് പരിസമാപ്തിയായി. ഇതോടെ തമിഴ്നാട്ടിലെ ആദ്യത്തെ സഖ്യകക്ഷി സർക്കാർ രൂപീകരണത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. നാളെ തന്നെ വിജയ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
നിലവിൽ വിജയ് നയിക്കുന്ന സഖ്യത്തിന് 119 അംഗങ്ങളുടെ പിന്തുണയുണ്ട്. തമിഴക വെട്രി കഴകം (TVK) 108, കോൺഗ്രസ് 5, സിപിഐ 2, സിപിഐഎം 2, വിടുതലൈ ചിരുതൈകൾ കക്ഷി (VCK) 2 – എന്നിങ്ങനെയാണ് ടിവികെ സഖ്യത്തിലെ ഇപ്പോഴത്തെ സീറ്റ് നില. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഒഴിവാക്കാനും ഒരു മതേതര സർക്കാർ രൂപീകരിക്കാനും വേണ്ടിയാണ് വിജയിനെ പിന്തുണയ്ക്കുന്നതെന്ന് വിസികെ അധ്യക്ഷൻ തോൾ തിരുമാവളവൻ വ്യക്തമാക്കി.








