കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിതവും തന്ത്രപരവുമായ ചുവടുവെപ്പുമായി സി.പി.എം. പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി നിയമസഭയിൽ പ്രതിപക്ഷത്തെ നയിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഇന്ന് തലസ്ഥാനത്ത് ചേർന്ന സി.പി.എം സംസ്ഥാന സമിതി യോഗമാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ഇതോടെ നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും തമ്മിലുള്ള വാക്പോരിന്റെ രണ്ടാം ഘട്ടത്തിനാകും കേരളം സാക്ഷ്യം വഹിക്കുക. ഭരണപക്ഷത്തിരുന്നുകൊണ്ട് സതീശന്റെ ചോദ്യങ്ങളെ നേരിട്ട പിണറായി വിജയൻ ഇനി പ്രതിപക്ഷ കസേരയിലിരിക്കുന്നത് കൗതുകമാവും
തിരഞ്ഞെടുപ്പിൽ കേവലം 35 സീറ്റുകളിലേക്ക് എൽ.ഡി.എഫ് ഒതുങ്ങിയത് പാർട്ടിക്കുള്ളിലും മുന്നണിയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഭരണവിരുദ്ധ വികാരം ശക്തമായ ഈ സാഹചര്യത്തിൽ സഭയ്ക്കകത്തും പുറത്തും സർക്കാരിനെ നേരിടാൻ പിണറായി വിജയന്റെ പരിചയസമ്പത്തും കരുത്തും അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്. രണ്ടാം പിണറായി സർക്കാരിനെതിരെ സഭയിൽ ആഞ്ഞടിച്ച വി.ഡി സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കാനാണ് പിണറായി പ്രതിപക്ഷ നിരയുടെ മുൻനിരയിൽ എത്തുന്നത്.
പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം വേണമെന്ന ആവശ്യങ്ങൾ ചില കോണുകളിൽ നിന്ന് ഉയർന്നെങ്കിലും, പിണറായി വിജയന്റെ പകരക്കാരനായി മറ്റൊരാളെ കാണാൻ പാർട്ടി തയ്യാറായില്ല. പ്രതിപക്ഷ നേതാവായി പിണറായി എത്തുമ്പോൾ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങൾക്കാകും വരും ദിവസങ്ങളിൽ നിയമസഭ സാക്ഷ്യം വഹിക്കുക.












