നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ കടുത്ത ആത്മവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വാർത്താസമ്മേളനങ്ങളിലെ തന്റെ ശരീരഭാഷയും പെരുമാറ്റ ശൈലിയും ശരിയായിരുന്നില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ എം വി ഗോവിന്ദൻ പരസ്യമായി സമ്മതിച്ചു. ഈ വിഷയത്തിൽ പുറത്തുനിന്ന് മാത്രമല്ല, സ്വന്തം വീട്ടിൽ നിന്നുപോലും തനിക്ക് നേരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം യോഗത്തിൽ വെളിപ്പെടുത്തി. “അച്ഛൻ ഒരിക്കലെങ്കിലും സ്വന്തം വാർത്താസമ്മേളനങ്ങൾ കണ്ണാടിയിൽ നോക്കുന്നത് പോലെ വീണ്ടും കണ്ടുനോക്കാറുണ്ടോ” എന്ന് സ്വന്തം മകൻ നേരിട്ട് ചോദിച്ച കാര്യമാണ് ഗോവിന്ദൻ പാർട്ടി വേദിക്കുള്ളിൽ തുറന്നുപറഞ്ഞത്. മാധ്യമപ്രവർത്തകരോട് തിരികെ പ്രകോപനപരമായി ചോദ്യങ്ങൾ ചോദിക്കുന്ന ശൈലി താൻ ഇപ്പോൾ പൂർണ്ണമായി നിർത്തിയെന്നും ഇനിയങ്ങോട്ട് കൂടുതൽ പക്വതയോടെയും ജനകീയ മുഖത്തോടെയും മാത്രമേ പൊതുസമൂഹത്തിലും മാധ്യമങ്ങൾക്ക് മുന്നിലും പെരുമാറൂ എന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി നേതാക്കളുടെ അഹങ്കാരവും ധാർഷ്ട്യവുമാണ് ജനങ്ങളെ അകറ്റിയതെന്ന വിമർശനം താഴേത്തട്ടിൽ നിന്ന് ശക്തമായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറിക്ക് നേരെ വിമർശനങ്ങൾ ഉയർന്നത്. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന് നേതാക്കളുടെ ശൈലി വലിയ തടസ്സമാകുന്നുണ്ടെന്ന വിലയിരുത്തലിലാണ് പാർട്ടി. മാധ്യമങ്ങളോട് കയർക്കുന്നതും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നതും പാർട്ടിക്ക് ജനങ്ങൾക്കിടയിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന ബോധ്യം ഇപ്പോൾ സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ തിരുത്താൻ എം വി ഗോവിന്ദൻ തന്നെ നേരിട്ട് മുന്നിട്ടിറങ്ങിയിരിക്കുന്നത്.












