ഐപിഎൽ 2026 സീസണിൽ കളിക്കാർക്കും മാച്ച് ഒഫീഷ്യലുകൾക്കും ‘സ്മാർട്ട് സൺഗ്ലാസുകൾ’ ഉപയോഗിക്കുന്നതിന് ബി.സി.സി.ഐ വിലക്കേർപ്പെടുത്തി. നൂതനമായ ആശയവിനിമയ സൗകര്യങ്ങളുള്ള ഈ ഗ്ലാസുകൾ വഴി തത്സമയ സംപ്രേക്ഷണം, വീഡിയോ കോളുകൾ, സന്ദേശങ്ങൾ അയക്കൽ എന്നിവ സാധ്യമായതിനാലാണ് സുരക്ഷാ ഭീഷണിയുയർത്തി ബി.സി.സി.ഐ നടപടി സ്വീകരിച്ചത്.
കളിക്കളത്തിലെ സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് ഗ്ലാസുകൾക്ക് ബി.സി.സി.ഐ നിരോധനം ഏർപ്പെടുത്തിയത്. മൊബൈൽ ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കും പുറമെയാണ് ഇപ്പോൾ സ്മാർട്ട് സൺഗ്ലാസുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ലൈവ് സ്ട്രീമിംഗ്, ഓഡിയോ-വീഡിയോ കോളിംഗ്, ടെക്സ്റ്റ് മെസ്സേജുകൾ അയക്കൽ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ സ്മാർട്ട് ഗ്ലാസുകളിൽ ലഭ്യമാണ്. ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ബി.സി.സി.ഐ ചൂണ്ടിക്കാട്ടി.
മത്സരദിവസങ്ങളിൽ PMOA-യിൽ പ്രവേശിക്കുന്നതിന് മുൻപ് കളിക്കാരും സപ്പോർട്ട് സ്റ്റാഫും തങ്ങളുടെ മൊബൈൽ ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കുമൊപ്പം സ്മാർട്ട് സൺഗ്ലാസുകളും സെക്യൂരിറ്റി ലെയ്‌സൺ ഓഫീസറിൽ ഏൽപ്പിക്കണം. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം PMOA പ്രോട്ടോക്കോൾ ലംഘനമായി കണക്കാക്കുകയും പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ബി.സി.സി.ഐ മുന്നറിയിപ്പ് നൽകി.










