ബെംഗളൂരു : ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി ജൂൺ 3-ന് സത്യപ്രതിജ്ഞ ചെയ്യും. നേരത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായാണ് അധികാരമേൽക്കുന്നത്. ജൂൺ 3-ന് 3 മണിക്ക് ബെംഗളൂരുവിലെ ലോക് ഭവൻ ഗ്ലാസ് ഹൗസിൽ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.
മേയ് 29 വെള്ളിയാഴ്ച ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് സിദ്ധരാമയ്യയുടെ രാജി ഔദ്യോഗികമായി സ്വീകരിച്ചിരുന്നു. പുതിയ മന്ത്രിസഭയെക്കുറിച്ച് ചർച്ച ചെയ്യാൻ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഡി.കെ ശിവകുമാറിനൊപ്പം എട്ട് മുതൽ പത്ത് വരെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബാക്കി മന്ത്രിമാരുടെ സത്യപ്രതിജ്ഞ ജൂൺ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകൂ.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടിയപ്പോൾ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിൽ കടുത്ത മത്സരമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ 77-കാരനായ സിദ്ധരാമയ്യയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ പ്രധാന പദവിയും രാജ്യസഭാ സീറ്റും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അദ്ദേഹം അത് സ്വീകരിക്കില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.










