റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ശക്തമായി ന്യായീകരിച്ച് ഫിൻലാൻഡ് വിദേശകാര്യ മന്ത്രി എലീന വാൽട്ടോണൻ രംഗത്ത്. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങൾക്കുള്ളിൽനിന്നുകൊണ്ട് മാത്രമാണ് ഇന്ത്യ എണ്ണ വാങ്ങിയതെന്നും, ആഗോള വിപണി തകരാതിരിക്കാനാണ് അത്തരം ഒരു നിയമം കൊണ്ടുവന്നതെന്നും അവർ വ്യക്തമാക്കി. ഫിൻലാൻഡിൽ നടന്ന ചർച്ചയിലാണ് ഇന്ത്യയ്ക്ക് അനുകൂലമായ ഈ അപ്രതീക്ഷിത പ്രതികരണം ഉണ്ടായത്.
പാശ്ചാത്യ രാജ്യങ്ങൾ നിശ്ചയിച്ച പ്രൈസ് ക്യാപ് പരിധിക്കുള്ളിൽ നിന്നാണ് ഇന്ത്യ പ്രവർത്തിച്ചതെന്ന് ഫിൻലാൻഡ് വിദേശകാര്യ മന്ത്രി എലീന വാൽട്ടോണൻ വ്യക്തമാക്കി. ഫിൻലാൻഡ് വിദേശകാര്യ മന്ത്രി എലീന വാൽട്ടോണൻ പറഞ്ഞത് ഇങ്ങനെയാണ്: “ഇന്ത്യയെ പ്രതിരോധിച്ചുകൊണ്ട് എനിക്ക് പറയാൻ കഴിയും, അവർ പ്രൈസ് ക്യാപ് നിയമങ്ങൾ പാലിച്ചാണ് എണ്ണ വാങ്ങിയത്. ഞങ്ങൾ ഒയിൽ പ്രൈസ് ക്യാപ് കൊണ്ടുവന്നപ്പോൾ ലോകരാജ്യങ്ങൾ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണ്ണമായി നിരോധിച്ചിരുന്നില്ല. എണ്ണ വിപണി തകരാതിരിക്കാനും, അതേസമയം എണ്ണ വിപണനത്തിലൂടെ റഷ്യ വൻ ലാഭം കൊയ്യുന്നത് തടയാനും വേണ്ടിയായിരുന്നു ആ നിയമം. ഇന്ത്യ ചെയ്തത് ആ നിയമത്തിനുള്ളിൽ നിൽക്കുന്ന കാര്യമാണ്.”
ഫിൻലാൻഡിന്റെ ഈ നിലപാട് റഷ്യൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വാദങ്ങൾക്ക് വലിയ കരുത്ത് പകരുന്നതാണ്. 2022-ൽ റഷ്യയ്ക്ക് മേൽ ഉപരോധം വന്നപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ കൂട്ടത്തോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ വാങ്ങിക്കൂട്ടി. ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരായിരുന്നു മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ. അതോടെ വിപണിയിൽ ബാക്കിയുണ്ടായിരുന്ന റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരാവുകയായിരുന്നു. എണ്ണ വാങ്ങുന്നത് രാഷ്ട്രീയ നിലപാടുകൾ നോക്കിയല്ല, മറിച്ച് വിലയും ലഭ്യതയും നോക്കിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എണ്ണ വിപണി സുസ്ഥിരമായി നിർത്താൻ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങണമെന്ന് അക്കാലത്ത് അമേരിക്ക തന്നെ പ്രത്യേകം ആവശ്യപ്പെട്ടിരുന്നുവെന്നും ജയശങ്കർ വെളിപ്പെടുത്തി. ഇതിൽ വലിയ തത്വങ്ങളുടെയൊന്നും ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് കരിയറിലെ തന്നെ ഏറ്റവും കടുത്ത ഭാഷയിലാണ് ജയശങ്കർ തിരിച്ചടിച്ചത്.
“വർഷങ്ങളായി ഇന്ത്യയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വിറ്റത് യൂറോപ്യൻ രാജ്യങ്ങളാണ്. എന്നാൽ ഞങ്ങൾ ഇന്ത്യക്കാർ ഇന്നേവരെ യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് വിമർശിക്കുമ്പോൾ അത് ഓർമ്മയിൽ വെക്കുക,” എന്ന് ജയശങ്കർ തുറന്നടിച്ചു. ഇന്ത്യയുടെ നിലവിലെ ഊർജ്ജ വിപണിയിലെ വലിയ മാറ്റങ്ങളും ജയശങ്കർ പങ്കുവെച്ചു. നിലവിൽ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണ രാജ്യം റഷ്യയാണ്. ഏറ്റവും വലിയ ഗ്യാസ് വിതരണക്കാരായി മാറിയിരിക്കുന്നത് അമേരിക്കയാണ്. മുൻപ് ഖത്തർ ആയിരുന്നു ഇതിൽ മുന്നിലുണ്ടായിരുന്നത്. ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം എണ്ണയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.









