ഐപിഎല്ലിലെ കഴിഞ്ഞ രണ്ട് സീസണുകളിൽ തകർപ്പൻ സിക്സറുകളിലൂടെയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവംശിയുടെ വളർച്ചയ്ക്ക് പിന്നിൽ ആറ് വർഷത്തെ കഠിനാധ്വാനത്തിന്റെ കഥ. വെറും 15 വയസ്സും ആറുമാസവും മാത്രം പ്രായമുള്ള ഈ ഇടംകയ്യൻ ബാറ്റർ, ഐപിഎല്ലിൽ 237-ലധികം സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി ടോപ്പ് സ്കോററായതിന് പിന്നാലെ യുകെ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.
ഈ അസാധാരണ നേട്ടത്തിലേക്ക് വൈഭവിനെ എത്തിച്ച കഠിനമായ പരിശീലനങ്ങളെക്കുറിച്ചും മാതാപിതാക്കളുടെ ത്യാഗങ്ങളെക്കുറിച്ചും വൈഭവിന്റെ കുട്ടിക്കാലത്തെ കോച്ചായ മനീഷ് ഓജ പിടിഐയോട് മനസ്സ് തുറക്കുന്നു. എട്ടാം വയസ്സിൽ പട്നയിലെ അക്കാദമിയിൽ എത്തിയ വൈഭവ് ടെന്നീസ് ബോളിൽ നിന്നും ഹാർഡ് ബോളിലേക്ക് മാറിയതുമുതൽ നേരിട്ട പന്തുകളുടെ എണ്ണം കേട്ടാൽ ആരും അത്ഭുതപ്പെടും.
രാവിലെ 7.30-ന് ആരംഭിക്കുന്ന നെറ്റ് പ്രാക്ടീസ് വൈകുന്നേരം 4 മണി വരെ നീളും. ദിവസേന എട്ട് മണിക്കൂറിലധികം നീളുന്ന പരിശീലനത്തിൽ കുറഞ്ഞത് 100 ഓവറുകൾ വൈഭവ് നേരിടുമായിരുന്നു. ആദ്യം കോച്ച് മനീഷ് ഓജ നേരിട്ട് 200 മുതൽ 300 വരെ പന്തുകൾ ത്രോഡൗൺ ചെയ്യും. കോച്ച് തളരുമ്പോൾ അക്കാദമിയിലെ സപ്പോർട്ട് സ്റ്റാഫും, അവർ കഴിഞ്ഞാൽ നെറ്റ് ബൗളർമാരും വൈഭവിന് പന്തെറിയും. എല്ലാവരും തളരുമ്പോൾ ബൗളിങ് മെഷീനെ ആശ്രയിച്ചായിരുന്നു ബാറ്റിങ് പരിശീലനം.
വർഷങ്ങളോളം ആവർത്തിച്ചു ചെയ്ത ഈ കഠിനമായ പരിശീലനമാണ് വൈഭവിന്റെ ബാറ്റ് സ്വിങ്ങിന് മികച്ച ‘മസിൽ മെമ്മറി’ സമ്മാനിച്ചതെന്നും അതാണ് സിക്സറുകളായി മാറുന്നതെന്നും കോച്ച് വ്യക്തമാക്കുന്നു. വൈഭവ് എന്ന ചാമ്പ്യൻ കളിക്കാരനെ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളായ സഞ്ജീവിന്റെയും ആരതിയുടെയും ത്യാഗങ്ങൾ ചെറുതല്ല. സമസ്തിപൂരിൽ നിന്നും രണ്ടര മണിക്കൂർ വണ്ടി ഓടിച്ചാണ് പിതാവ് സഞ്ജീവ് വൈഭവിനെ പട്നയിലെ അക്കാദമിയിൽ എത്തിച്ചിരുന്നത്. അമ്മയുടെ വലിപ്പമേറിയ മനസ്സ്: രാവിലെ 5 മണിക്ക് അക്കാദമിയിലേക്ക് തിരിക്കുന്നതിനായി വൈഭവിന്റെ അമ്മ ആരതി പുലർച്ചെ 2 മണിക്ക് എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യുമായിരുന്നു. അത് വൈഭവിനും ഭർത്താവിനും വേണ്ടി മാത്രമല്ല, അക്കാദമിയിൽ ഒപ്പം വരുന്ന മറ്റ് നെറ്റ് ബൗളർമാർക്കും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന മറ്റ് കുട്ടികൾക്കുമായി 10 മുതൽ 15 പേർക്കുള്ള ഉച്ചഭക്ഷണമാണ് ആ അമ്മ ദിവസവും തയ്യാറാക്കിയിരുന്നത്.
വൈഭവ് സൂര്യവംശിയുടെ ഈ അവിശ്വസനീയമായ ഗ്രാഫും ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷനും കണ്ടതിന് പിന്നാലെ, തങ്ങളുടെ കുട്ടികളെ ‘അടുത്ത വൈഭവ്’ ആക്കി മാറ്റാൻ മാതാപിതാക്കൾ നെട്ടോട്ടത്തിലാണ്.










