ക്രിക്കറ്റ് മൈതാനത്ത് വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയൻ കളിക്കാരും തമ്മിലുള്ള പോരാട്ടങ്ങൾ എക്കാലത്തും ആവേശം നിറഞ്ഞതാണ്. ഓസീസ് മണ്ണിലെ കടുത്ത സമ്മർദ്ദഘട്ടങ്ങളിലും ശത്രുതാപരമായ അന്തരീക്ഷത്തിലും കോഹ്‌ലി കൂടുതൽ കരുത്തനാകുന്ന കാഴ്ച പലവട്ടം ആരാധകർ കണ്ടിട്ടുള്ളതുമാണ്. ഐപിഎല്ലിൽ ട്രാവിസ് ഹെഡുമായി ഉണ്ടായ വാക്കേറ്റം മുതൽ ടെസ്റ്റ് പരമ്പരകളിലെ വാശിയേറിയ പോരാട്ടങ്ങൾ വരെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ, 2014-15 ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ ഓസീസ് പേസർ മിച്ചൽ ജോൺസണുമായി ഉണ്ടായ ഒരു കടുത്ത മുഖാമുഖത്തിൽ, കോഹ്‌ലി അതിരുവിടാതെ താൻ ഇടപെട്ട് തടയേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ മുഖ്യപരിശീലകൻ രവി ശാസ്ത്രി.
കോഹ്‌ലിയുടെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ ‘വൺ8’ ന് വേണ്ടി നടത്തിയ പോഡ്‌കാസ്റ്റിൽ ശാസ്ത്രിയോടൊപ്പം പങ്കെടുത്തപ്പോഴാണ് മെൽബൺ ടെസ്റ്റിലെ ആ ചൂടേറിയ സംഭവം ഇരുവർക്കുമിടയിൽ വീണ്ടും ചർച്ചയായത്. ശാസ്ത്രി കഥ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കോഹ്‌ലി ചിരിയടക്കാനാവാതെ ഇരിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. മെൽബൺ ടെസ്റ്റിന്റെ തുടക്കത്തിൽ മിച്ചൽ ജോൺസൺ എറിഞ്ഞ ആദ്യ പന്ത് തന്നെ വിരാട് കോഹ്‌ലിയുടെ ഹെൽമറ്റിലാണ് വന്ന് അടിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള പോര് കടുത്തു. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോഴും ഇരുവരും പരസ്പരം കടുത്ത വാക്കേറ്റത്തിലായിരുന്നു.
“അത് മെൽബൺ ടെസ്റ്റ് ആയിരുന്നു. ആദ്യ പന്തിൽ തന്നെ മിച്ചൽ ജോൺസൺ വിരാടിന്റെ തലയ്ക്ക് ലക്ഷ്യമിട്ട് പന്തെറിഞ്ഞു. അതുകൊണ്ട് തന്നെ അവർ തമ്മിൽ നിരന്തരം കോർത്തുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചഭക്ഷണ സമയത്ത് വിരാട് ഡ്രെസ്സിങ് റൂമിലേക്ക് കയറി വരുമ്പോഴും മിച്ചലിനെ ദേഷ്യത്തോടെ നോക്കുകയായിരുന്നു. അവൻ നിയന്ത്രണം വിടുകയാണെന്ന് മനസ്സിലായതോടെ ഞാൻ അവനെ ഇങ്ങനെ പിടിച്ചുവെച്ചു… ‘ഇങ്ങോട്ട് വരൂ, ഇങ്ങോട്ട് വരൂ, നിന്റെ ബാറ്റിങ്ങിൽ മാത്രം ശ്രദ്ധിക്കൂ’ എന്ന് പറഞ്ഞു. ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കും.”
ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയെങ്കിലും, വിരാട് കോഹ്‌ലി എന്ന ബാറ്റിങ് പ്രതിഭയുടെയും ഇന്ത്യയുടെ ഭാവി നായകന്റെയും ഉദയത്തിന് സാക്ഷ്യം വഹിച്ച പരമ്പരയായിരുന്നു അത്. ഓസീസ് മണ്ണിലെ കടുത്ത സമ്മർദ്ദങ്ങളും സ്ലെഡ്ജിങ്ങുകളും കോഹ്‌ലിയിലെ മികച്ച ബാറ്ററെയാണ് പുറത്തെടുത്തത്. ആ ബോർഡർ-ഗവാസ്കർ പരമ്പരയിലെ 4 ടെസ്റ്റുകളിൽ നിന്നായി 86.50 എന്ന അവിശ്വസനീയമായ ശരാശരിയിൽ 692 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. 8 ഇന്നിങ്സുകളിൽ നിന്നായി 4 സെഞ്ച്വറികളാണ് താരം നേടിയത്. 169 റൺസായിരുന്നു പരമ്പരയിലെ ഉയർന്ന സ്കോർ.












