എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി. ഗണേഷ് കുമാർ പുറത്തായതായി. ഡയറക്ടർ ബോർഡിലേക്കുള്ള അദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. നിലവിലുണ്ടായിരുന്ന ഭരണസമിതിയിലെ മറ്റ് എട്ട് അംഗങ്ങളുടെയും അംഗത്വം പുതുക്കി നൽകിയപ്പോഴാണ് ഗണേഷ് കുമാറിനെ മാത്രം ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതൽ തന്നെ പത്തനാപുരം താലൂക്ക് യൂണിയൻ നേതൃത്വവുമായി ഗണേഷ് കുമാറിന് കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. താലൂക്ക് യൂണിയൻ ഭാരവാഹികളുമായി നിരന്തരം ഉണ്ടായ ഏറ്റുമുട്ടലുകളും ഭിന്നതകളുമാണ് എൻഎസ്എസ് നേതൃത്വത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
താലൂക്ക് യൂണിയന്റെ പിന്തുണയില്ലാത്ത സാഹചര്യത്തിൽ ഗണേഷ് കുമാറിന് സംഘടനയുടെ ഉന്നത സമിതിയിൽ തുടരാൻ കഴിയില്ലെന്ന നിലപാടാണ് എൻഎസ്എസ് നേതൃത്വം സ്വീകരിച്ചതെന്നാണ് സൂചന. എൻഎസ്എസ് സംഘടനയ്ക്കുള്ളിലെ ആഭ്യന്തര ജനാധിപത്യ പ്രക്രിയയുടെയും പ്രാദേശിക ഘടകങ്ങളുടെ തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ മാറ്റം.








