തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം വിവാദത്തിൽ. പുതുതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ മന്ത്രിസഭ ശുപാർശ ചെയ്ത മുൻ ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെതിരെ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസ്. എന്‍ ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധമുണ്ടെന്നാണ് നിയാസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയാസ് ഗവർണർക്ക് ഔദ്യോഗികമായി പരാതി നൽകി.
ഒരു ഭരണഘടനാ പദവിയിലേക്ക് ആർ.എസ്.എസ് പശ്ചാത്തലമുള്ളയാളെ നിയമിക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ നിഷ്പക്ഷത തകർക്കുമെന്നാണ് നിയാസിന്റെ ആരോപണം. കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് നിലവിലെ കമ്മിഷണറുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്ക് എറണാകുളം സ്വദേശിയായ റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്. ശേഷാദ്രിനാഥൻ വിരമിച്ച ശേഷം സംഘ്പരിവാറിന്റെ പോഷക സംഘടനകളിലും അനുഭാവ പ്രസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി നിയാസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള പ്രമുഖ സാംസ്കാരിക-നിയമ വേദികളിൽ അദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നുവെന്നും നിയാസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ മന്ത്രിസഭയുടെ ശുപാർശ ഗവർണർ അംഗീകരിക്കരുതെന്നും, നിയമന ഉത്തരവിൽ ഒപ്പുവെക്കാതെ ഫയൽ സർക്കാരിലേക്ക് തിരിച്ചയക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.








