തൊണ്ണൂറുകളിലെ ക്രിക്കറ്റ് കുട്ടിക്കാലം ഓർമ്മയുണ്ടോ? അന്ന് സ്കൂൾ ഗ്രൗണ്ടുകളിൽ ചർച്ച ചെയ്തിരുന്ന ഏറ്റവും വലിയ ഒരു ‘രഹസ്യം’ ഉണ്ടായിരുന്നു—”ശ്രീലങ്കയുടെ സനത് ജയസൂര്യയുടെ ബാറ്റിനുള്ളിൽ സ്പ്രിങ് ഉണ്ട്. സംഭവം നടക്കുന്നത് 1996-ലെ ഏകദിന ലോകകപ്പിലാണ്. അതുവരെ ആദ്യത്തെ 15 ഓവറുകളിൽ വിക്കറ്റ് പോകാതെ മെല്ലെ കളിക്കുക എന്നതായിരുന്നു ലോകക്രിയക്കറ്റിലെ രീതി. എന്നാൽ ലങ്കൻ ഓപ്പണർമാരായ സനത് ജയസൂര്യയും റൊമേഷ് കലുവിതരണയും ചേർന്ന് ആ ചരിത്രം തിരുത്തിക്കുറിച്ചു. ആദ്യ പന്ത് മുതൽ ബൗളർമാരെ കണക്കിന് തല്ലി സിക്സറുകൾ പറത്തുന്ന പുതിയൊരു പവർപ്ലേ ശൈലി അവർ കൊണ്ടുവന്നു.
ശക്തമായ കൈത്തണ്ടയും ഭാരമേറിയ വില്ലോ ബാറ്റുകളുമായി ജയസൂര്യ കളം നിറഞ്ഞപ്പോൾ പന്ത് അതിർത്തികൾ കടന്ന് ഗാലറിയുടെയും അപ്പുറത്തേക്ക് തെറിച്ചു വീണു. ആദ്യ പന്ത് മുതൽ ഇങ്ങനെയൊരു ‘കൂറ്റൻ അടി’ കണ്ട് ശീലമില്ലാതിരുന്ന ഇന്ത്യൻ ആരാധകർക്ക് അത് വിശ്വസിക്കാൻ പാടായിരുന്നു. സാധാരണ ഒരു മനുഷ്യന് എങ്ങനെ പന്ത് ഇത്ര ദൂരേക്ക് അടിച്ചുപറത്താനാകും എന്ന ചിന്തയാണ് ഒടുവിൽ കളിമുറ്റങ്ങളിലെ ആ വലിയ ഊഹങ്ങളിലേക്ക് വഴിവെച്ചത്.
അന്ന് ഇന്റർനെറ്റോ ഇന്നത്തെപ്പോലെ റീപ്ലേകളോ ഇല്ലാത്തതിനാൽ, ഇന്ത്യൻ സ്കൂൾ മൈതാനങ്ങളിൽ മിത്തുകൾ കാട്ടുതീ പോലെ പടർന്നു. അതിൽ ചില കഥകൾ നിങ്ങളുടെ ഒകെ മനസ്സിൽ ഉണ്ടാകും. ജയസൂര്യയുടെ ബാറ്റ് ഉള്ളിൽ നിന്ന് തുരന്ന് അതിൽ കട്ടിയുള്ള മെറ്റൽ സ്പ്രിങ്ങുകളോ സ്റ്റീൽ പ്ലേറ്റുകളോ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നായിരുന്നു പ്രധാന കണ്ടെത്തൽ, പന്ത് ബാറ്റിൽ തട്ടുമ്പോൾ ഈ സ്പ്രിങ് ആക്ഷൻ കാരണം പന്ത് കൂടുതൽ ദൂരേക്ക് തെറിച്ചു പോകുമത്രെ.
അടുത്ത കഥ അതിലും ഉഷാറായിരുന്നു—ജയസൂര്യയുടെ അമാനുഷിക അടി കണ്ട് സംശയം തോന്നിയ ഐസിസി (ICC) അദ്ദേഹത്തിന്റെ ബാറ്റ് പിടിച്ചെടുക്കാൻ പോകുകയാണെന്നും, അത് നടുവേ കീറി ഉള്ളിൽ കള്ളത്തരം ഉണ്ടോ എന്ന് പരിശോധിക്കുമെന്നുമായിരുന്നു ആ സ്കൂൾ ലഞ്ച് ബ്രേക്ക് ചർച്ചകൾ!
വളർന്നു വലുതായപ്പോഴാണ് ആ കഥകളിലെ മണ്ടത്തരം നമുക്ക് മനസ്സിലായത്. ശാസ്ത്രീയമായി നോക്കിയാൽ ഒരു ക്രിക്കറ്റ് ബാറ്റിൽ സ്പ്രിങ് വെച്ചാൽ കളി നടക്കില്ല. കട്ടിയുള്ള ലെതർ പന്ത് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ വന്നു തട്ടുമ്പോൾ, ഉള്ളിൽ തുരന്ന് സ്പ്രിങ് വെച്ച ഒരു ബാറ്റ് ആണെങ്കിൽ അത് ആഘാതം താങ്ങാനാവാതെ അപ്പോൾത്തന്നെ ഒടിഞ്ഞു നുറുങ്ങിപ്പോകും.
ബാറ്റിൽ സ്റ്റീലോ മെറ്റലോ വെച്ചാൽ ബാറ്റിന്റെ ഭാരം വല്ലാതെ കൂടും. ഭാരം കൂടിയാൽ താരങ്ങൾക്ക് ബാറ്റ് വേഗത്തിൽ വീശാൻ കഴിയില്ല. അത് അടിയുടെ വേഗത കുറയ്ക്കുകയേ ഉള്ളൂ. മെരിലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ നിയമപ്രകാരം ക്രിക്കറ്റ് ബാറ്റിന്റെ ബ്ലേഡ് പൂർണ്ണമായും പ്രകൃതിദത്തമായ തടികൊണ്ട് (Natural Wood) മാത്രമായിരിക്കണം നിർമ്മിക്കേണ്ടത്. മാച്ച് റഫറിമാർ ഇത് കൃത്യമായി പരിശോധിക്കാറുമുണ്ട്.
യഥാർത്ഥത്തിൽ ജയസൂര്യയുടെ അസാധ്യമായ ശാരീരികക്ഷമതയും ടൈമിങ്ങുമായിരുന്നു ആ സിക്സറുകൾക്ക് പിന്നിൽ. എങ്കിലും 90-കളിലെ ആ കുട്ടിക്രിക്കറ്റ് കാലത്ത് കൂട്ടുകാരെ വിശ്വസിപ്പിക്കാൻ നമ്മൾ പറഞ്ഞ ആ ‘സ്പ്രിങ് ബാറ്റ്’ കഥകൾ ഇന്നും ഓർക്കുമ്പോൾ ചിരിയുണർത്തുന്ന ഒന്നാണ്.












