മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ (AMMA) വീണ്ടും കടുത്ത ആഭ്യന്തര കലഹവും പരസ്യപ്പോരും. ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടർന്ന് ജനറൽ ബോഡി യോഗത്തിൽ നാടകീയമായി രാജി പ്രഖ്യാപിച്ചവർ സംഘടനയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് നടനും താൽക്കാലിക കമ്മിറ്റി ഭാരവാഹിയുമായ കെ. ബി. ഗണേഷ് കുമാർ തുറന്നടിച്ചു. പാവപ്പെട്ട കലാകാരന്മാരുടെ ജീവിതം വെച്ചാണ് മുൻ ഭാരവാഹികൾ കളിക്കുന്നതെന്നും കഴിഞ്ഞ 20 ദിവസമായി ഇവർ എവിടെയായിരുന്നുവെന്നും കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഒപ്പുകളില്ലാത്ത ചെക്കുകളും അപാകതകൾ നിറഞ്ഞ സാമ്പത്തിക കണക്കുകളുമായി സംഘടനയെ കടുത്ത പ്രതിസന്ധിയിലാക്കിയ മുൻ ഭരണസമിതി, മാധ്യമങ്ങൾക്ക് മുന്നിൽ രാജി നാടകം കളിച്ച് ഇപ്പോൾ നിലപാട് മാറ്റുന്നത് കേരളത്തിലെ പൊതുസമൂഹത്തെയും മാധ്യമങ്ങളെയും ഒരേപോലെ പറ്റിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
സംഘടനയുടെ ദൈനംദിന കാര്യങ്ങൾ നോക്കാതെയും ഓഫിസ് ക്യാബിനുകൾ പൂട്ടി താക്കോലുമായി മുങ്ങിയും ബോധപൂർവ്വം പ്രതിസന്ധി സൃഷ്ടിക്കുന്നവർ ഇതിനെതിരെ കോടതിയിൽ പോയാലും നേരിടാൻ തയാറാണെന്ന് ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. എന്നാൽ ഇത്തരം കളികൾ പാവപ്പെട്ട കലാകാരന്മാരുടെ കഞ്ഞിയിൽ പാറ്റയിടുന്ന തരത്തിലാകരുത്. സംഘടനയുടെ ലീഗൽ അഡ്വക്കേറ്റുമായി താൻ ഇതിനകം തന്നെ സംസാരിച്ചിട്ടുണ്ടെന്നും ബൈലോ അനുസരിച്ച് ഉടൻ തന്നെ പൊതു ജനറൽ ബോഡി വിളിച്ചുകൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ കണക്കുകളിലെ അപാകതകൾ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നാല് മാസത്തിനുള്ളിൽ, അല്ലെങ്കിൽ അതിന് വളരെ മുൻപ് തന്നെ പുതിയ കമ്മിറ്റിയെ ജനാധിപത്യപരമായി തിരഞ്ഞെടുത്ത് ചുമതല കൈമാറുമെന്നും ഗണേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ ഇതോടെ തെരുവിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്.












