സിപിഎം ഔദ്യോഗിക പത്രമായ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് (Sunday Supplement) പിൻവലിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ റസിഡന്റ് എഡിറ്ററും മുൻ എംഎൽഎയുമായ എം. സ്വരാജിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളി നാടക പ്രവർത്തകൻ വിജയൻ. ‘കള്ളൻ വിജയൻ’ എന്ന പേരിൽ ഒരു ലേഖനം ദേശാഭിമാനി തയ്യാറാക്കിയിട്ടേ ഇല്ലെന്ന സ്വരാജിന്റെ വിശദീകരണം പച്ചക്കള്ളമാണെന്ന് പുല്ലംപാറ സ്വദേശിയായ വിജയൻ തുറന്നടിച്ചു. പത്രത്തിന്റെ ലേഖകൻ തന്നെ നേരിട്ട് വന്ന് കണ്ടിരുന്നുവെന്നും, ആവശ്യപ്പെട്ടതനുസരിച്ച് ഫോട്ടോകൾ അടക്കം വാങ്ങി ലേഖനം തയ്യാറാക്കിയിരുന്നുവെന്നും വിജയൻ വെളിപ്പെടുത്തിയതോടെ സിപിഎം മുഖപത്രം വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പുമായി ഇറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പാണ് അവസാന നിമിഷം മാനേജ്‌മെന്റ് ഇടപെട്ട് ഒഴിവാക്കിയത്. വി.എസിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ എഴുതിയ ‘മുഴങ്ങുന്നിപ്പോഴും ആ കടലിരമ്പം’ എന്ന കവർ സ്റ്റോറിയായിരുന്നു ഇതിന്റെ പ്രധാന ആകർഷണം. എന്നാൽ സപ്ളിമെന്റിന്റെ അവസാന പേജിൽ വന്ന മറ്റൊരു ലേഖനത്തിന്റെ തലക്കെട്ടാണ് പാർട്ടി പത്രത്തിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചത്. പുല്ലംപാറയിലെ നാടകപ്രവർത്തകനായ വിജയനെക്കുറിച്ച് ‘കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം.
ഒന്നാം പേജിൽ വി.എസ് ഓർമ്മയും അവസാന പേജിൽ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടും വരുന്നത് രാഷ്ട്രീയമായി തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകുമെന്നും വി.എസിനെ അധിക്ഷേപിക്കുന്നതിന് തുല്യമാകുമെന്നും എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു വിഭാഗം ശക്തമായ നിലപാടെടുത്തു. തുടർന്നുണ്ടായ ആഭ്യന്തര തർക്കങ്ങൾക്കൊടുവിലാണ് അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ സപ്ളിമെന്റ് തന്നെ വേണ്ടെന്നുവെക്കാൻ റസിഡന്റ് എഡിറ്റർ എം. സ്വരാജ് നിർദ്ദേശിച്ചത്. തുടർന്ന് പത്രത്തിന്റെ ഒന്നാം പേജിൽ സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കില്ലെന്ന ചെറിയ അറിയിപ്പ് നൽകി പാർട്ടി പത്രം തടിയൂരുകയായിരുന്നു.
വിഷയം പുറത്തായതോടെ വി.എസിനെ പാർട്ടി പത്രം തമസ്‌കരിച്ചെന്ന രീതിയിൽ സൈബർ ലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾ ഉയർന്നു. ഇതോടെയാണ് അങ്ങനെയൊരു ലേഖനമേ ഇല്ലെന്നും സാങ്കേതിക പിഴവ് മാത്രമാണെന്നും വിശദീകരിച്ച് എം. സ്വരാജ് രംഗത്തെത്തിയത്. എന്നാൽ സ്വരാജിന്റെ ഈ വാദങ്ങളെയാണ് ഇപ്പോൾ വിജയൻ തന്നെ പരസ്യമായി പൊളിച്ചടുക്കിയിരിക്കുന്നത്. ലേഖനത്തിനായി ദേശാഭിമാനിയിൽ നിന്ന് തന്നെ വിളിച്ചിരുന്നുവെന്നും ഗ്രൂപ്പ് ഫോട്ടോകൾ വാങ്ങി ലേഖനം പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.












