ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിൽ സീതാദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്ന് തെന്നിന്ത്യൻ പ്രിയതാരം സായ് പല്ലവി. ഡൽഹിയിൽ സംഘടിപ്പിച്ച ‘പ്രഥം സങ്കൽപ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ചിത്രത്തിലെ അനുഭവങ്ങളും തന്റെ ആത്മീയമായ സമീപനവും താരം പങ്കുവെച്ചത്. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് ഏതൊരു അഭിനേതാവിനും ഏറെ കഠിനമായ കാര്യമാണെന്നും, എന്നാൽ ഈ കഥാപാത്രം താൻ ആഗ്രഹിച്ച് നേടിയെടുത്തതല്ലെന്നും ദൈവാനുഗ്രഹത്താൽ തേടിയെത്തിയതാണെന്നും നടി പറഞ്ഞു.
“സീതാദേവിയായി അഭിനയിക്കാൻ ഞാൻ സ്വയം തിരഞ്ഞെടുത്തതാണെന്ന് കരുതുന്നില്ല. ഇതൊരിക്കലും നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ഈ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണം എന്ന് മുൻകൂട്ടി എഴുതി തയാറാക്കാനും കഴിയില്ലായിരുന്നു. ക്യാമറയ്ക്ക് മുന്നിലെത്തുന്നതിന് മുൻപ് ഞാൻ ധ്യാനത്തിലിരുന്ന് പ്രാർത്ഥിക്കുമായിരുന്നു, ‘സീതാ മാതാവേ എന്നിലൂടെ അങ്ങ് തന്നെ അഭിനയിക്കൂ’ എന്ന്. അങ്ങനെ എന്നിലൂടെ പുറത്തുവന്നത് മാത്രമാണ് ഈ സിനിമയിൽ കാണാൻ സാധിക്കുക. ആ കഥാപാത്രത്തെ അവതരിപ്പിച്ച ദിവസങ്ങളിൽ എന്റെ ചിന്തകളിൽ പോലും പരമാവധി ശുദ്ധി നിലനിർത്താൻ ഞാൻ മനഃപൂർവ്വം ശ്രമിച്ചിരുന്നു. മനസ്സിനുള്ളിൽ വലിയൊരു നിഷ്‌പക്ഷതയും ശാന്തതയും കാത്തുസൂക്ഷിച്ചാണ് എന്റെ ഏറ്റവും മികച്ച പ്രകടനം സമർപ്പിച്ചത്”– സായ് പല്ലവി വ്യക്തമാക്കി.
നിതേഷ് തിവാരി വമ്പൻ ബജറ്റിൽ സംവിധാനം ചെയ്യുന്ന ‘രാമായണ’ത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ ലോകം. ചിത്രത്തിൽ ശ്രീരാമനായി റൺബീർ കപൂറും രാവണനായി കന്നഡ സൂപ്പർതാരം യഷുമാണ് വേഷമിടുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന വലിയൊരു അണിയറപ്രവർത്തകരുണ്ടെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. ചിത്രത്തിലെ സായ് പല്ലവിയുടെ ലുക്കും പ്രകടനവും കാണാനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.









