ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറയുമ്പോൾ അനുഭവപ്പെടുന്ന കഠിനമായ ക്ഷീണവും തളർച്ചയും മാറ്റാൻ സാധാരണയായി എല്ലാവരും അയൺ ഗുളികകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ പലരിലും ഇത്തരം ഗുളികകൾ വയറുവേദന, ഓക്കാനം തുടങ്ങിയ വശഫലങ്ങൾ ഉണ്ടാക്കാറുണ്ട്. മാത്രമല്ല, ഗുളികകളിലെ ഇരുമ്പ് പൂർണ്ണമായി ആഗിരണം ചെയ്യാൻ നമ്മുടെ ദഹനവ്യവസ്ഥയ്ക്ക് സാധിക്കാതെയും വരുന്നു. ഇതിന് പരിഹാരമായി സ്വാഭാവിക ഭക്ഷണങ്ങളിലൂടെ അയൺ അളവ് കൂട്ടാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഭക്ഷണങ്ങളിൽ പ്രധാനമായും രണ്ടുതരം അയൺ ആണ് അടങ്ങിയിരിക്കുന്നത്:
ഹീം അയൺ : മാംസാഹാരങ്ങളിൽ കാണപ്പെടുന്ന ഇത് ശരീരം വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്നു.
നോൺ-ഹീം അയൺ : സസ്യഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്നത്.
ഇരുമ്പിന്റെ അളവ് കൂട്ടാൻ , ചെമ്മീൻ, കക്ക, റെഡ് മീറ്റ്, കോഴിയിറച്ചി (തൊടഭാഗത്തെ മാംസം), ട്യൂണ/സാർഡിൻ തുടങ്ങിയ മത്സ്യങ്ങളും മാംസാഹാരവും കഴിക്കാവുന്നതാണ്.ചെറുപയർ, കടല, പരിപ്പുവർഗ്ഗങ്ങൾ, തക്ടു , ചീര പോലുള്ള ഇലക്കറികൾ, സോയാബീൻ, ടോഫു (Tofu) എന്നിവ സസ്യാഹാരികൾക്ക് ഗുണമാകും.
സസ്യഭക്ഷണങ്ങളിലുള്ള ‘നോൺ-ഹീം’ അയൺ ശരീരം പെട്ടെന്ന് വലിച്ചെടുക്കില്ല. ഇതിനായി വിറ്റാമിൻ സി (Vitamin C) അടങ്ങിയ ഭക്ഷണങ്ങൾ ഒപ്പം കഴിക്കണം. ചീരയിലോ പരിപ്പുകറിയിലോ അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. ഭക്ഷണത്തോടൊപ്പം തക്കാളി, ബെൽ പെപ്പർ അല്ലെങ്കിൽ സ്ട്രോബെറി എന്നിവ ഉൾപ്പെടുത്തുക.
ചില ഭക്ഷണങ്ങൾ ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നത് തടയുന്നു. പാലുൽപ്പന്നങ്ങളിലെ കാൽസ്യം, ചായയിലും കാപ്പിയിലുമുള്ള ടാന്നിൻ/പോളിഫെനോളുകൾ എന്നിവ പ്രധാന തടസ്സങ്ങളാണ്. അതിനാൽ പ്രധാന ഭക്ഷണം കഴിച്ച് കുറഞ്ഞത് 2 മണിക്കൂറിന് ശേഷമോ മുമ്പോ മാത്രം ചായ, കാപ്പി, പാൽ എന്നിവ കുടിക്കുക.












