ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ പരേതയായ മാതാവിനുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ നോയിഡ സ്വദേശിനിയായ രുചിക സിംഗ് മാപ്പപേക്ഷയുമായി രംഗത്തെത്തി. കണ്ണീരോടെ കൈകൾ കൂപ്പി പുറത്തുവിട്ട സന്ദേശത്തിലൂടെയാണ്, തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും ചുറ്റുമുള്ളവരുടെ പ്രകോപനത്തിൽ പെട്ടാണ് ഇത്തരം വാചകങ്ങൾ പറഞ്ഞുപോയതെന്നും ഇവർ അവകാശപ്പെട്ടത്. കൂട്ടുകാർക്കൊപ്പം കൊണാട്ട് പ്ലേസ് സന്ദർശിക്കാനെത്തിയപ്പോൾ പ്രതിഷേധക്കാരുടെ ഇടയിൽപ്പെടുകയായിരുന്നുവെന്നും, ആളുകൾ പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുന്നത് കണ്ടപ്പോൾ താനും സ്വാധീനിക്കപ്പെട്ടുപോയതാണെന്നും രുചിക പറഞ്ഞു. താൻ ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റാണെന്നും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന് കരുതി ക്ഷമിക്കണമെന്നും കൂട്ടിച്ചേർത്ത അവർ, രാജ്യത്തോട് മുഴുവൻ മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
സംഭവത്തിൽ സുപ്രീം കോടതി അഭിഭാഷക സ്മൃതി സിങ്ങിന്റെ പരാതിയെ തുടർന്ന് നോയിഡയിലെ എക്സ്പ്രസ് വേ പോലീസ് റുചികയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 352, 353(1), 356(1) എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. എന്നാൽ സംഭവം നടന്നത് രാജ്യതലസ്ഥാനത്തായതിനാൽ ഈ ‘സീറോ എഫ്ഐആർ’ തുടരന്വേഷണത്തിനായി ഡൽഹി പോലീസിലെ സ്പെഷ്യൽ സെല്ലിലേക്ക് കൈമാറുകയായിരുന്നു. രുചികയ്ക്ക് 25 വയസ്സുണ്ടെന്നും നോയിഡയിൽ സ്വന്തമായി ഫ്ലാറ്റും ജോലിയിലുമായിരുന്നുവെന്നുമാണ് മുൻപ് പോലീസും സുരക്ഷാ ജീവനക്കാരും നൽകിയ വിവരങ്ങളെങ്കിലും, ഇപ്പോൾ തനിക്ക് 15 വയസ്സാണ് പ്രായമെന്ന ഇവരുടെ അവകാശവാദം നിഗൂഢത സൃഷ്ടിക്കുന്നുണ്ട്.
പെൺകുട്ടിയുടെ അപകീർത്തികരമായ വീഡിയോ വൈറലായതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. തനിക്കും അന്തരിച്ച മാതാവിനുമെതിരായ വാക്കുകൾ കടുത്ത സാംസ്കാരിക ആഘാതമാണ് ഉണ്ടാക്കിയതെങ്കിലും, വഴിതെറ്റിപ്പോകുന്ന കുട്ടികൾക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ചെറുപ്പക്കാരെ കേസുകളിലും കോടതികളിലും കയറ്റിയിറക്കുന്നത് പ്രശ്നത്തിന് പരിഹാരമാകില്ലെന്നും, ശിക്ഷിക്കുന്നതിന് പകരം അവരെ ശരിയായ പാതയിലേക്ക് സ്നേഹത്തോടെ നയിക്കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ഇവർക്ക് മാപ്പ് നൽകുകയും ശിക്ഷാനടപടികളിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രതിയായ പെൺകുട്ടിയുടെ മാപ്പപേക്ഷ വീഡിയോ പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.








