വിദേശ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന്റെയും സംസ്കാര സംയോജനത്തിന്റെയും ഭാഗമായി വിദ്യാലയങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി ഇറ്റാലിയൻ സർക്കാർ. സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാനും, ഒരു ക്ലാസിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കാനും നീക്കം തുടങ്ങുന്നതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രഖ്യാപിച്ചു. തന്റെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ പാർട്ടിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ സംസാരിക്കവെയാണ് മെലോണി ഈ നിർണായക തീരുമാനങ്ങൾ വിശദീകരിച്ചത്.
ഇതനുസരിച്ച് ക്ലാസുകളിൽ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രധാരണങ്ങൾ അനുവദിക്കില്ല. പരമ്പരാഗത രീതിയോ വിശ്വാസമോ ഉയർത്തിക്കാട്ടി പെൺകുട്ടികളുടെ മുഖം മറയ്ക്കാൻ ആർക്കും അവകാശമില്ലെന്നും, വിദ്യാലയങ്ങളിൽ എല്ലാവരുടെയും മുഖം വ്യക്തമായിരിക്കണമെന്നും മെലോണി പറഞ്ഞു. അതേസമയം, മുഖം തുറന്നുവെച്ച് മുടി മാത്രം മറയ്ക്കുന്ന ഹിജാബിനെയല്ല, മുഖം പൂർണ്ണമായും മറയ്ക്കുന്ന ബുർഖ, നിഖാബ് എന്നിവയെയാണ് ഈ നിരോധനം ബാധിക്കുക.
ക്ലാസ് മുറികളിൽ ഇറ്റാലിയൻ ഭാഷ സംസാരിക്കാൻ പ്രയാസപ്പെടുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നത് പഠനാന്തരീക്ഷത്തെ ബാധിക്കുന്നുണ്ടെന്നും, ഇത്തരം കുട്ടികളുടെ രക്ഷിതാക്കൾ നിർബന്ധമായും ഇറ്റാലിയൻ ഭാഷ പഠിക്കണമെന്നും ക്യാബിനറ്റിൽ ഉടൻ അവതരിപ്പിക്കുന്ന പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. നിലവിൽ ഇറ്റലിയിലെ സ്കൂളുകളിൽ 11.6 ശതമാനത്തോളം വിദേശ വിദ്യാർഥികളാണുള്ളത്.
അതിർത്തി കടന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ കർശന നിലപാടുകൾ സ്വീകരിച്ചുപോരുന്ന മെലോണി സർക്കാരിന്റെ പുതിയ നീക്കം യൂറോപ്പിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ഫ്രാൻസ്, ബെൽജിയം, ഓസ്ട്രിയ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ പൊതുയിടങ്ങളിൽ മുഖം മൂടുന്ന വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.












