ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ ബാറ്റിംഗ് ശൈലിയെയും ഷോട്ട് സെലക്ഷനെയും കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി. ലഭിച്ച മികച്ച തുടക്കം വലിയ സ്കോറിലേക്ക് മാറ്റാൻ കഴിയാതെ 62 പന്തിൽ നിന്ന് 39 റൺസുമായി രണ്ടാം ദിനം പന്ത് പുറത്തായതാണ് വിമർശനങ്ങൾക്ക് വഴിവെച്ചത്. ശ്രീലങ്ക പുതിയ പന്ത് എടുത്ത തൊട്ടടുത്ത ഓവറായ എൺപത്തിയൊന്നാം ഓവറിൽ സ്പിന്നർ കേശര നുവാന്തയ്‌ക്കെതിരെ ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങി അനാവശ്യമായി ആക്രമിക്കാൻ ശ്രമിച്ച പന്ത് മിഡ് ഓഫിൽ ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.
പന്ത് പുറത്തായ രീതിയേക്കാൾ കളിക്കളത്തിൽ താരം സാമാന്യബുദ്ധി കാണിച്ചില്ല എന്നതിലാണ് തനിക്ക് കടുത്ത പരാതിയുള്ളതെന്ന് സോണി സ്പോർട്സ് ചാനലിൽ സംസാരിക്കവെ മുഹമ്മദ് കൈഫ് തുറന്നടിച്ചു. ശ്രീലങ്ക പുതിയ പന്തെടുത്ത ആദ്യ ഓവറിൽ തന്നെ മൂന്ന് തവണയാണ് പന്ത് ക്രീസിന് പുറത്തേക്ക് ചാടിയിറങ്ങിയതെന്നും, പുതിയ പന്തിൽ കട്ട് ഷോട്ട് കളിക്കുകയോ അഞ്ചോ ആറോ ഓവർ ക്ഷമയോടെ കാത്തിരുന്ന് കളി മുന്നോട്ട് കൊണ്ടുപോകുകയോ ആണ് ടെസ്റ്റ് ക്രിക്കറ്റിലെ പരമ്പരാഗത രീതിയെന്നും കൈഫ് ചൂണ്ടിക്കാട്ടി. അക്രമണോത്സുകമായി ബാറ്റ് ചെയ്യുന്ന ലോകത്തിലെ ഏത് മികച്ച താരവും ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ സാമാന്യബുദ്ധി ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ പന്തിന്റെ ആദ്യ പന്തിൽ തന്നെ പന്ത് അത്തരത്തിൽ ചാടിയിറങ്ങിയത് തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും ക്രിക്കറ്റ് ലോജിക്കിന്റെ കാര്യത്തിൽ പന്ത് വളരെ പിന്നിലാണെന്നും കൈഫ് വിമർശിച്ചു. ഒരു ബാറ്റർ 150 റൺസ് നേടി ക്രീസിൽ നിൽക്കുകയാണെങ്കിൽ പോലും പുതിയ പന്ത് വരുമ്പോൾ കുറച്ച് പന്തുകൾ ക്ഷമയോടെ നേരിടാറാണ് പതിവെന്നും, കളിയുടെ സാഹചര്യം കണക്കുകൂട്ടുന്നതിൽ പന്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്നും വ്യക്തമാക്കിയ കൈഫ് ഇതിന്റെ പേരിൽ താരത്തിന് മാർക്ക് കുറയ്ക്കുമെന്നും വ്യക്തമാക്കി.
മത്സരത്തിൽ രണ്ടിന് 288 എന്ന ശക്തമായ നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ഋഷഭ് പന്തിനെയും 82 റൺസെടുത്ത കെ. എൽ. രാഹുലിനെയും പെട്ടെന്ന് നഷ്ടമായെങ്കിലും ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ സെഞ്ച്വറി (167) കരുത്തായി. തുടർന്ന് ധ്രുവ് ജുറെൽ അർദ്ധസെഞ്ച്വറിയും (51) മാനവ് സുതാർ 24 റൺസും നേടി പൊരുതിയെങ്കിലും, ലങ്കൻ ബൗളർമാർ ശക്തമായി തിരിച്ചടിച്ചതോടെ ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ വീണു. നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രഭാത് ജയസൂര്യയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കേശര നുവാന്തയുമാണ് ശ്രീലങ്കൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്.












