സൗദി അറേബ്യയിലേക്ക് ഉംറ, ഹജ്ജ് തീർഥാടനങ്ങൾക്കായും ജോലി ആവശ്യങ്ങൾക്കായും എത്തുന്ന സ്വന്തം പൗരന്മാർക്ക് കടുത്ത നിർദേശങ്ങളുമായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദിയിലെ പാക് എംബസിയും. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും എത്തുന്ന പാകിസ്താനികൾ തെരുവിൽ ഭിക്ഷാടനം നടത്തുന്നതും അനധികൃതമായി പണപ്പിരിവ് നടത്തുന്നതും വർധിച്ച സാഹചര്യത്തിലാണ് കടുത്ത മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. സൗദിയിലെ പ്രാദേശിക നിയമങ്ങളും വിസ വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും, നിയമലംഘനം നടത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെക്കുകയോ നാടുകടത്തുകയോ (Deportation) ചെയ്യുമെന്നും എംബസി പുറപ്പെടുവിച്ച പുതിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
വിഷയത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കാൻ ഒരു നിർമ്മിതബുദ്ധി (AI) വീഡിയോ സന്ദേശവും പാകിസ്താൻ എംബസി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്. സൗദി പൊലീസിന്റെ പിടിയിലായി ജയിലിലേക്ക് കൊണ്ടുപോകുന്ന എഐ ചിത്രീകരണമുള്ള വീഡിയോയിലൂടെയാണ് നിയമലംഘനങ്ങളുടെ പ്രത്യാഘാതം വ്യക്തമാക്കുന്നത്. മക്ക, മദീന എന്നീ പുണ്യസ്ഥലങ്ങളിൽ ഭിക്ഷാടനത്തിനെതിരെ സൗദി അധികൃതർ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുന്നത്. അതിനാൽ തീർഥാടകർ ഒരു തരത്തിലുമുള്ള അനധികൃത പിരിവുകളിലോ അനുമതിയില്ലാത്ത പ്രാദേശിക സേവനങ്ങളിലോ പങ്കാളികളാകരുത് എന്ന് എംബസി ഓർമ്മിപ്പിച്ചു.
വിസ കാലാവധി കഴിയുന്നതിന് മുൻപ് തിരികെ പോകണമെന്നും, അനുവദിച്ച വിസയുടെ പരിധിക്ക് പുറത്തുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും അധികൃതർ നിർദേശിച്ചു. തീർഥാടകരുടെ മറവിൽ ട്രാവൽ ഏജൻസികളും മാഫിയകളും പാവപ്പെട്ട ആളുകളെ സൗദിയിലെത്തിച്ച് ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നുവെന്ന് മുൻപും പരാതികളുയർന്നിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് ഉണ്ടാക്കുന്ന നാണക്കേട് ഒഴിവാക്കാനും സൗദിയുമായുള്ള നയതന്ത്രബന്ധം സുരക്ഷിതമാക്കാനുമാണ് പാകിസ്താന്റെ ഈ അടിയന്തര ഇടപെടൽ.












