കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് കൂടുതൽ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണയെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുന്ന ഇ.ഡി, വിദേശത്തേക്ക് നിയമവിരുദ്ധമായി പണം കടത്തിയതിന് ഫെമ (FEMA) നിയമപ്രകാരം കേസെടുക്കാനും തീരുമാനിച്ചു. വീണ 3.49 ലക്ഷം യുഎഇ ദിർഹം (ഏകദേശം 85 ലക്ഷം രൂപ) ദുബായിലേക്ക് കൈമാറിയതിന്റെ നിർണായക രേഖകൾ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടി. മുൻപ് വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ ഡയറിയിലെ വിവരങ്ങൾ പരിശോധിച്ചപ്പോൾ 20.05 കോടി രൂപയുടെ നിഴൽ ഇടപാടുകൾ ഇ.ഡി നിരീക്ഷണത്തിൽ വന്നിട്ടുണ്ട്.
കേസിൽ വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി നിയമോപദേശം തേടി. സിഎംആർഎൽ കമ്പനി നൽകിയ തുക വീണയുടെ അക്കൗണ്ടിൽ നിന്ന് റിയാസിന്റെ അക്കൗണ്ടിലേക്കും, അവിടെ നിന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉൾപ്പെടെയുള്ള മറ്റുള്ളവരുടെ അക്കൗണ്ടുകളിലേക്കും മാറ്റിയതായി ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിയാസിനോട് രണ്ടുതവണ ഫോണിൽ വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല.
ഇതിനുപുറമെ, സാമ്പത്തിക ഇടപാടുകൾക്കായി വീണ ഉപയോഗിച്ചത് മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ പേരിലുള്ള സിം കാർഡാണെന്ന വിവരവും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേസിൽ സിഎംആർഎൽ ഉടമകളുടെയും വീണയുടെയും മൊഴികളും റെയ്ഡിൽ കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാകും അടുത്തഘട്ട ചോദ്യം ചെയ്യൽ നടക്കുക. രാഷ്ട്രീയമായി ഏറെ നിർണായകമായ ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.










