തൃശൂരിന്റെ പെരുമയായ പുലിക്കളിയെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. പുലിക്കളി കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതമാണെന്ന ശ്രീരാമന്റെ പരാമർശത്തിനെതിരെ പുലിക്കളി സംഘങ്ങളും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട് . വി കെ ശ്രീരാമന്റേത് വ്യക്തമായ ബോഡി ഷെയിമിംഗാണെന്ന് അയ്യന്തോൾ പുലിക്കളി ദേശം ഭാരവാഹികൾ കുറ്റപ്പെടുത്തി.
പുലിക്കളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വി കെ ശ്രീരാമൻ വിവാദ കുറിപ്പിട്ടത് . “പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപവൈകൃതമാണ്. ആ വൈകൃതത്തെ കലയ്ക്കു വേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാവില്ല” എന്നായിരുന്നു വി കെ ശ്രീരാമന്റെ പോസ്റ്റ്. ഇതിനുപുറമെ, സുബ്രഹ്മണ്യൻ സ്വാമിയെ പരോക്ഷമായി പരിഹസിച്ചുകൊണ്ട് നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഇതിനെ കുറിച്ച് പരാമർശമുണ്ടെന്നാണ് പറയുന്നതെന്നും അത് മാത്രമാണ് ആശ്വാസമെന്നും ഇയാൾ കുറിച്ചു.
ശ്രീരാമന്റെ പോസ്റ്റ് വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലും ഉയർന്നത്. പുലിക്കളി എന്നത് അനേകം കലാകാരന്മാരുടെ മാസങ്ങളുടെ കാത്തിരിപ്പും ജീവിതമാർഗ്ഗവുമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സിനിമയിൽ അശ്ലീലം പറഞ്ഞും അഭിനയിച്ചും ജീവിക്കുന്നവരെ കാണുമ്പോൾ മനംപുരട്ടൽ ഉണ്ടാകാറുണ്ടോ എന്നും കഥാപാത്രങ്ങൾക്ക് വേണ്ടി തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന താരങ്ങളെ കുറിച്ച് എന്താണ് അഭിപ്രായമെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. കൊടുങ്ങല്ലൂർ ഭരണിയെയും മറ്റും പിന്തുണയ്ക്കുകയും പുലിക്കളിയെ അവഹേളിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയും ജനങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്.












