പെഷവാർ: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി ജാമിയത് ഉലേമ-ഇ-ഇസ്ലാം (ജെ.യു.ഐ-എഫ്) മൗലാന ഫസലുർ റഹ്മാൻ. രാജ്യത്ത് സൈനിക ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളും ജനങ്ങളുടെ ദുരിതങ്ങളും തുടർന്നാൽ പാകിസ്താൻ്റെ ഭൂപടത്തിൽ വീണ്ടും മാറ്റങ്ങളുണ്ടായേക്കാമെന്നും രാജ്യം മറ്റൊരു വിഭജനത്തിലേക്ക് നീങ്ങിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പെഷവാറിൽ നടന്ന ജെ.യു.ഐ-എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങൾ കടുത്ത പട്ടിണിയും പ്രയാസങ്ങളും നേരിടുമ്പോൾ സൈനിക നേതൃത്വം നടത്തുന്ന വീരവാദങ്ങളെയും അവകാശവാദങ്ങളെയും ഫസലുർ റഹ്മാൻ ചോദ്യം ചെയ്തു. “ഞങ്ങളാണ് ഈ രാജ്യത്തിന്റെ സംരക്ഷകർ, ആരുടെയും അപ്പന് ഈ രാജ്യത്തെ ഉപദ്രവിക്കാൻ കഴിയില്ല എന്നൊക്കെയാണ് ഇവർ പറയുന്നത്. നിങ്ങൾ വളരെ ശക്തരാണെന്നത് ഞാൻ സമ്മതിക്കുന്നു,” സൈനിക മേധാവിയെ ലക്ഷ്യമിട്ട് അദ്ദേഹം പരിഹസിച്ചു.
1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സൈന്യത്തിന്റെ പൊള്ളയായ അവകാശവാദങ്ങളെ തുറന്നുകാട്ടിയത്. 1971 ഡിസംബറിൽ ധാക്കയിൽ 93,000 പാകിസ്ഥാൻ സൈനികർ ഇന്ത്യക്ക് മുന്നിൽ ആയുധം വെച്ച് കീഴടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസവും തെരുവുകളിലും മലനിരകളിലും അവസാനശ്വാസം വരെ പൊരുതുമെന്ന് ജനറൽ യഹ്യാ ഖാൻ പ്രഖ്യാപിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്ന് അത്തരം വലിയ വാക്കുകൾ മുഴക്കിയ സൈന്യത്തിന് പിന്നീട് ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തി തലകുനിക്കേണ്ടി വന്ന ചരിത്രം അദ്ദേഹം ഓർമ്മിപ്പിച്ചു.
നാലു പതിറ്റാണ്ടിലേറെയായി തുടരുന്ന രക്തച്ചൊരിച്ചിലും ജനങ്ങളോടുള്ള ക്രൂരതയും വലിയ ദുരന്തങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഈ ദുരിതങ്ങളും ഭരണകൂട ഭീകരതയും തുടർന്നാൽ പാകിസ്ഥാന്റെ ഭൂപടം തന്നെ മാറിമറിയുന്ന അവസ്ഥയുണ്ടാകുമെന്നും ഫസലുർ റഹ്മാൻ വ്യക്തമാക്കി.









