മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ പതിനെട്ടുകാരനായ മകന് പിന്നാലെ അച്ഛനും അമ്മയും 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടിമരിച്ച ദാരുണ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്ലസ് ടു വിദ്യാർത്ഥിയായ കുനാൽ ചാന്ദ്ഗുഡെ, മാതാപിതാക്കളായ മുരളീധർ, സംഗീത എന്നിവരാണ് മരിച്ചത്. ഐഫോൺ വാങ്ങിയതിന്റെ ഇഎംഐ അടയ്ക്കുന്നതിനെ ചൊല്ലി അച്ഛനുമായി ഉണ്ടായ വഴക്കിനെ തുടർന്നാണ് കുനാൽ ആത്മഹത്യ ചെയ്യാനായി മലമുകളിലെ പാറക്കെട്ടിലേക്ക് പോയതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, സംഭവത്തിന് പിന്നിൽ കടുത്ത കുടുംബവഴക്കുകളാണെന്ന് സൂചിപ്പിക്കുന്ന അമ്മ സംഗീതയുടെ അവസാന സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ പോലീസിന്റെ അന്വേഷണ പരിധിയിലുള്ളത്.
സ്വത്ത് തർക്കത്തിന്റെ പേരിൽ തങ്ങളുടെ സന്തോഷകരമായ കുടുംബത്തെ വിഷം തന്ന് തകർത്തെന്നും, മകന്റെയും തങ്ങളുടെയും അവകാശങ്ങൾ തട്ടിയെടുത്തെന്നും, അടുത്ത ഏഴ് തലമുറകൾ ഇതിന്റെ ദുരിതം അനുഭവിക്കുമെന്നുമുള്ള രൂക്ഷമായ ശാപവാക്കുകളാണ് ആരുടെയും പേര് വ്യക്തമാക്കാതെ സംഗീത ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നത്. ആറ് വർഷം മുൻപ് ഇവരുടെ മൂത്ത മകൻ അസുഖം ബാധിച്ച് മരിച്ചതിനു പിന്നാലെ കുടുംബത്തിൽ ആരംഭിച്ച കടുത്ത തർക്കങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിരന്തര വഴക്കുകൾ കാരണം ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മുരളീധർ മാസങ്ങളോളം വീട്ടിൽ വരാതെ കഴിയുകയായിരുന്നുവെന്നും, മൂന്ന് മാസത്തിന് ശേഷം ഇയാൾ വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ വീണ്ടും കുടുംബത്തിൽ സംഘർഷം രൂക്ഷമായെന്നും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷവും ഇതേ മലഞ്ചെരുവിൽ വെച്ച് കുനാൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മലമുകളിലെ കൊക്കയുടെ വക്കിൽ നിന്ന് മകൻ ആത്മഹത്യ ഭീഷണി മുഴക്കുമ്പോൾ മണിക്കൂറുകളോളം പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നു. ഒടുവിൽ മകനെ രക്ഷിക്കാനായി കൈയ്യിൽ പിടിച്ച മുരളീധറും കാൽവഴുതി മകനൊപ്പം കൊക്കയിലേക്ക് വീഴുകയായിരുന്നു. നിമിഷങ്ങൾക്കകം ഹൃദയം തകർന്ന അമ്മ സംഗീതയും ഇവർക്ക് പിന്നാലെ താഴേക്ക് ചാടി ജീവനൊടുക്കി. ഈ വേദനാജനകമായ ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പതിയുകയും ചെയ്തിരുന്നു. നിലവിൽ സംഗീതയുടെ പോസ്റ്റിന്റെ പിന്നിലെ ആളുകളെ കണ്ടെത്താനും കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താനും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








