കോഴിക്കോട്: സിപിഐഎം വേദിയിലെ പ്രസംഗത്തിന് പിന്നാലെ സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ സ്വന്തം സംഘടനയ്ക്കുള്ളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും പ്രതിഷേധം കത്തുന്നു. ഉമർ ഫൈസിയുടെ നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയും മുസ്ലിം ലീഗ് അനുകൂല നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. സമസ്തയുടെ പവിത്രമായ വേദികളിൽ വെച്ച് മുസ്‌ലിങ്ങൾക്ക് ഒരിക്കലും സഖാവ് ആകാൻ കഴിയില്ലെന്ന് വാദിക്കുന്ന വ്യക്തി തന്നെ സിപിഐഎം വേദിയിൽ ചെന്ന് സ്വയം ‘സഖാവ്’ എന്ന് വിശേഷിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് നാസർ ഫൈസി കൂടത്തായി ആഞ്ഞടിച്ചു.
വ്യക്തിപരമായ താല്പര്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി പാരമ്പര്യ പണ്ഡിത പ്രസ്ഥാനമായ സമസ്തയെ പൊതുസമൂഹത്തിന് മുന്നിൽ ചെളിവാരി എറിയാനാണ് ഉമർ ഫൈസി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമസ്തയുടെ ആദർശങ്ങൾക്ക് വിരുദ്ധമായ ഇത്തരം നീക്കങ്ങൾ നേതൃത്വം ഗൗരവമായി ചർച്ച ചെയ്യണമെന്നും അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി സമസ്തയിലെ വിവിധ പോഷക സംഘടനകൾ നേതൃത്വത്തിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട്.
അതേസമയം, ഉമർ ഫൈസിക്കെതിരെ മുസ്ലിം ലീഗ് കേന്ദ്രങ്ങളും അതിരൂക്ഷമായ കടന്നാക്രമണമാണ് നടത്തുന്നത്. സമുദായത്തിന് കൃത്യമായ ദിശാബോധവും മാർഗദർശനവും നൽകേണ്ട പണ്ഡിതന്മാർ കേവല രാഷ്ട്രീയ ലാഭങ്ങൾക്കായി നിലപാടുകൾ മാറ്റിമറിക്കുന്നത് മാപ്പർഹിക്കാത്ത വഞ്ചനയാണെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഉമർ ഫൈസി മുക്കത്തിന്റെ വാക്കുകളിലും പ്രവൃത്തികളിലും അവിശ്വാസ്യത നിറഞ്ഞിരിക്കുകയാണെന്നും, പണ്ഡിത വേഷം അണിഞ്ഞ് ചില പ്രത്യേക രാഷ്ട്രീയ പാർട്ടികളുടെ വെറും ‘കോളാമ്പി’യായി അദ്ദേഹം അധഃപതിച്ചെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. സിപിഐഎം വേദിയിലെ പ്രസംഗം സമസ്ത-ലീഗ് ബന്ധത്തിൽ വീണ്ടും വിള്ളലുകൾ വീഴ്ത്തുമെന്ന ചർച്ചകൾ സജീവമായതോടെ വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.












