പശ്ചിമേഷ്യയിലെ മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾക്ക് ശേഷം 250 ദിവസത്തിലേറെ കടലിൽ തുടർച്ചയായി സേവനം അനുഷ്ഠിച്ച യുഎസ് നാവികസേനയുടെ ഭീമൻ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ഏബ്രഹാം ലിങ്കൺ’ (USS Abraham Lincoln) തായ്‌ലൻഡിലെ പട്ടായ തീരത്തേക്ക് അടുക്കുന്നു. ഏകദേശം അയ്യായിരത്തോളം വരുന്ന അമേരിക്കൻ സൈനികരാണ് വിശ്രമത്തിനും വിനോദത്തിനുമായി പട്ടായ നഗരത്തിലേക്ക് എത്തുന്നത്. എന്നാൽ, ഇതിന് മുന്നോടിയായി നഗരത്തിലെ അനധികൃത ലൈംഗികത്തൊഴിൽ ശൃംഖലകൾക്കും കഫേകൾക്കും എതിരെ തായ് അധികൃതർ റെയ്ഡും കർശന നടപടികളും ആരംഭിച്ചു.
പട്ടായയിലെ ബീച്ചുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ തായ് പോലീസ് നടത്തിയ മിന്നൽ പരിശോധനകളിൽ നിരവധി ലൈംഗികത്തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗികമായി തായ്‌ലൻഡിൽ വേശ്യാവൃത്തി നിരോധിച്ചിട്ടുണ്ടെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും വലിയ സെക്സ് ടൂറിസം കേന്ദ്രങ്ങളിലൊന്നായി പട്ടായ അറിയപ്പെടുന്നു. വിദേശ സൈനികർ വൻതോതിൽ എത്തുമ്പോൾ ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങളും രോഗപകർച്ചയും തടയുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ ഈ അടിയന്തര നീക്കം.
അതേസമയം, മാസങ്ങളായി തുടരുന്ന മധ്യപൂർവദേശ സംഘർഷത്തെ തുടർന്ന് മന്ദഗതിയിലായ തങ്ങളുടെ ടൂറിസം മേഖലയ്ക്ക് അയ്യായിരത്തോളം യുഎസ് സൈനികരുടെ വരവ് വൻ സാമ്പത്തിക ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക ബിസിനസുകാരും ഹോട്ടലുടമകളും. സെപ്റ്റംബർ 2 മുതൽ 6 വരെയാണ് യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സൈനികർ പട്ടായ തീരത്ത് വിശ്രമത്തിൽ കഴിയുക.











