കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിമാറ്റി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഓഫീസിന് കനത്ത തിരിച്ചടി. ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾക്കൊപ്പമുള്ള ഗ്രൂപ്പ് ചിത്രം ഷെഹബാസ് ഷെരീഫിന്റെ ഓഫീസ് പങ്കുവെച്ചപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാൻ പ്രസിഡന്റ് അടക്കമുള്ള മറ്റ് പ്രമുഖ നേതാക്കൾ എന്നിവരെ ക്രോപ്പ് ചെയ്ത് നീക്കം ചെയ്തതായി വ്യക്തമായത്.
ഷെഹബാസ് ഷെരീഫിനെ ചിത്രത്തിന്റെ കേന്ദ്രബിന്ദുവായി ഉയർത്തിക്കാട്ടാനും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനുമായിരുന്നു ഈ കൃത്രിമം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ലോകനേതാക്കളും ഉൾപ്പെടുന്ന സമ്പൂർണ്ണ ഔദ്യോഗിക ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ പാകിസ്ഥാന്റെ തരംതാണ നീക്കം പരസ്യമായി തുറന്നുകാട്ടപ്പെട്ടു. ഇന്ത്യ പാക്കുവെച്ച ചിത്രത്തിൽ ആകട്ടെ എല്ലാ നേതാക്കളും ഉൾപ്പെട്ടിരുന്നു.
പാക് പ്രധാനമന്ത്രിയുടെ പക്വതയില്ലാത്ത നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പരിഹാസവും വിമർശനവുമാണ് ഉയർന്നത്. പതിവ് പാകിസ്ഥാൻ മനോഭാവമാണ് ഇതിലൂടെ പ്രകടമായതെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകൾ യഥാർത്ഥ ചിത്രം പങ്കുവെച്ച് രംഗത്തെത്തി. അന്താരാഷ്ട്ര തലത്തിൽ സംഭവം വലിയ നാണക്കേടായതോടെ, നിലപാട് മാറ്റിയ ഷെഹബാസ് ഷെരീഫ് തന്റെ വ്യക്തിഗത അക്കൗണ്ടിലൂടെ എല്ലാ നേതാക്കളും അടങ്ങിയ യഥാർത്ഥ ചിത്രം പിന്നീട് പങ്കുവെക്കുകയായിരുന്നു.











