അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ബി.സി.സി.ഐ. പ്രഖ്യാപിച്ച ടീമിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരുടെ പേരുകൾക്കൊപ്പം ഒരു ആസ്റ്ററിസ്ക് (*) അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ താരങ്ങളുടെ പൂർണ്ണ കായികക്ഷമതയിൽ ഇപ്പോഴും നൂറ് ശതമാനം ഉറപ്പില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പരിക്കേറ്റ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാത്തതിന്റെ പേരിൽ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് പകരമുള്ള സെന്റർ ഓഫ് എക്സലൻസ് (സി.ഒ.ഇ) മുൻപ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ടീമിൽ എടുക്കുകയും ഒന്നോ രണ്ടോ മത്സരങ്ങൾക്ക് ശേഷം വീണ്ടും പരിക്കേറ്റ് പുറത്തുപോവുകയും ചെയ്യുന്ന രീതിക്ക് തടയിടാൻ, താരങ്ങളുടെ ഫിറ്റ്‌നസിൽ നൂറ് ശതമാനമല്ല ഇരുന്നൂറ് ശതമാനം ബോധ്യപ്പെട്ടാൽ മാത്രമേ ഇനി അന്തിമ ഇലവനിലേക്ക് പരിഗണിക്കൂ എന്നാണ് ബോർഡിന്റെ പുതിയ നിലപാട്.
ടീം തിരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത കൊണ്ടുവരാനാണ് ഈ മാറ്റമെന്ന് സെന്റർ ഓഫ് എക്സലൻസ് മേധാവി വി.വി.എസ് ലക്ഷ്മൺ വ്യക്തമാക്കി. മത്സരങ്ങൾക്ക് മൂന്നോ നാലോ ആഴ്ച മുൻപ് തന്നെ ടീമിനെ പ്രഖ്യാപിക്കുന്നത് കൊണ്ടാണ് ഫിറ്റ്‌നസിന് വിധേയമായി കളിക്കാരെ തിരഞ്ഞെടുക്കുന്നതെന്നും, പരമ്പര ആരംഭിക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇവർ പൂർണ്ണ കായികക്ഷമത തെളിയിച്ചില്ലെങ്കിൽ പകരക്കാരെ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിക്കുമെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 13-ന് ഡൽഹിയിൽ ആരംഭിക്കുന്ന ആദ്യ മത്സരത്തിന് മുന്നോടിയായി ബുംറയും നിതീഷ് കുമാർ റെഡ്ഡിയും പൂർണ്ണ കായികക്ഷമത കൈവരിച്ച് കളത്തിലിറങ്ങാൻ സാധ്യതയുണ്ട്.
എന്നാൽ വാഷിംഗ്ടൺ സുന്ദറിന്റെയും ഹർഷിത് റാണയുടെയും കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഒരു താരത്തിന്റെയും കാര്യത്തിൽ യാതൊരുവിധ മുൻവിധിക്കും അപകടസാധ്യതയ്ക്കും ബോർഡ് തയ്യാറല്ലെന്ന കൃത്യമായ സന്ദേശമാണ് പുതിയ സെലക്ഷൻ നയത്തിലൂടെ വ്യക്തമാകുന്നത്.












