സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെയും മാർത്തോമാ സഭാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അവർ, രാജ്യത്ത് ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയുമെന്നും തുറന്നടിച്ചു. ദൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
മതവിശ്വാസികളായ സ്ത്രീകളോട് മാത്രമാണ് ഈ ഉപദേശം എന്ന രീതിയിൽ കാന്തപുരം വിഭാഗം നേതാക്കൾ നടത്തുന്ന ന്യായീകരണങ്ങളെയും ബൃന്ദ കാരാട്ട് പൂർണ്ണമായും തള്ളി. സ്വന്തം സമുദായത്തിൽപ്പെട്ടവരാണെങ്കിൽ പോലും സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ലംഘിക്കാൻ ആർക്കും അവകാശമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. മുസ്‌ലിം സമുദായത്തിനുള്ളിൽ നിന്നുതന്നെ ഭൂരിഭാഗം പേരും കാന്തപുരത്തിന്റെ ഈ യാഥാസ്ഥിതിക നിലപാടിനെ എതിർക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വിവാഹത്തിന് മുൻപ് വധൂവരന്മാർ എച്ച്.ഐ.വി പരിശോധന നടത്തണമെന്നും പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നുമുള്ള മാർത്തോമാ സഭാ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിന്റെ പ്രസ്താവനയ്ക്കെതിരെയും ബൃന്ദ കാരാട്ട് ആഞ്ഞടിച്ചു. ഇത്തരം നിരീക്ഷണങ്ങൾ അപരിഷ്കൃതവും സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണെന്ന് അവർ വ്യക്തമാക്കി. സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും കടന്നുകയറുന്ന ഇത്തരം പ്രസ്താവനകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.












