മാമിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി കുറിപ്പ് കണ്ടെത്തിയ സംഭവത്തിൽ ക്രൂ അംഗവും പോലീസ് കസ്റ്റഡിയിൽ. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനെയും സംശയത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. ശുചിമുറിയിൽ നിന്ന് ലഭിച്ച വ്യാജ ബോംബ് ഭീഷണി കുറിപ്പിലെ കയ്യക്ഷരവും കസ്റ്റഡിയിലുള്ള ക്രൂ അംഗത്തിന്റെ കയ്യക്ഷരവും തമ്മിൽ വലിയ സമാനതകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തിങ്കളാഴ്ചയായിരുന്നു വ്യോമയാന മേഖലയെ അമ്പരപ്പിച്ച സംഭവം നടന്നത്. സൗദി അറേബ്യയിലെ ദമാമിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ ശുചിമുറിയിലാണ് വിമാനം ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടർന്ന് വിമാനം അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം നടത്തിയ വിശദമായ പരിശോധനയിൽ ബോംബുകളോ മറ്റ് സംശയകരമായ വസ്തുക്കളോ കണ്ടെത്താനായില്ല.
സംഭവത്തെ തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അഹമ്മദാബാദ് എയർപോർട്ട് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. കേസിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഗുജറാത്ത് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ക്രൂ അംഗത്തിലേക്ക് സംശയത്തിന്റെ മുന നീണ്ടത്. വ്യാജ സന്ദേശം നൽകിയതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കാൻ പോലീസ് കൂടുതൽ ചോദ്യം ചെയ്യൽ തുടരുകയാണ്.










